മഴയേ തൂമഴയേ...എന്ന് പാട്ട് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരേയൊരു മുഖമാണ് മാളവിക മോഹനന്റേത്. പ്രശസ്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളായ മാളവികയ്ക്ക് സിനിമയിലെത്തുക എന്നത് അത്ര ബുദ്ധിമുട്ടേറിയ ഒന്നായിരുന്നില്ല. മലയാളത്തിലൂടെയെത്തി തെന്നിന്ത്യയിലും ബോളിവുഡിലും മാളവിക തന്റെ സാന്നിധ്യമറിയിച്ചു.
രജിനികാന്ത്, വിജയ്, ദുൽഖർ സൽമാൻ, ധനുഷ് തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ടുണ്ട് മാളവിക. എന്നിട്ട് പോലും അഭിനയം അറിയില്ല എന്ന പഴി ആരാധകരിൽ നിന്നും നിരന്തരം കേൾക്കേണ്ടി വന്നു മാളവികയ്ക്ക്. നിങ്ങൾക്ക് അഭിനയിക്കാനറിയില്ല, അഭിനയം പഠിച്ചിട്ട് വരൂ എന്ന് പറയുന്നവരോട് സോഷ്യൽ മീഡിയയിലൂടെയും മറ്റും മാളവിക ഇടയ്ക്ക് ചുട്ട മറുപടിയും നൽകാറുണ്ട്.
എന്നാൽ തങ്കലാൻ എന്ന പാ രഞ്ജിത് ചിത്രത്തിലൂടെ അഭിനയിക്കാനറിയില്ല എന്ന് പറഞ്ഞവരുടെയെല്ലാം വായ ഒറ്റയടിയ്ക്ക് അടപ്പിച്ചു കളഞ്ഞു മാളവിക. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണിപ്പോൾ രംഗത്തെത്തുന്നത്. മാളവിക തിളങ്ങിയ ചില സിനിമകളിലൂടെ.
ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് തങ്കലാനിൽ മാളവികയെത്തിയത്. ആരതി എന്ന പോരാളിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു താരം. മാളവികയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ആരതി. വിക്രമിനൊപ്പം ആക്ഷൻ രംഗങ്ങളിലും മാളവിക തിളങ്ങി.
ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റി. മാത്യു തോമസും മാളവിക മോഹനനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ക്രിസ്റ്റി എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ മാളവികയെത്തിയത്. പ്രായത്തിൽ മുതിർന്ന സ്ത്രീയോട് ഒരു ചെറുപ്പക്കാരന് തോന്നുന്ന പ്രണയത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞത്. മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടി.
പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ് മജീദി ഒരുക്കിയ ചിത്രമാണ് ബിയോണ്ട് ദ് ക്ലൗഡ്സ്. ഇഷാൻ ഖട്ടർ, മാളവിക മോഹനൻ എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തിയത്. മുംബെയിലെ ചേരിയിലെ ദുരിതജീവിതമാണ് സിനിമ പറയുന്നത്. സഹോദരങ്ങളായ ആമിറിന്റെയും താരയുടെയും കഥ പറഞ്ഞാണ് മജീദ് മജീദി മുംബയിലെ ചേരിജീവിതത്തിന്റെ കഥ പറയുന്നത്. താര എന്ന കഥാപാത്രമായാണ് മാളവിക ചിത്രത്തിലെത്തിയത്.
മാളവികയുടെ അരങ്ങേറ്റ ചിത്രമായിരുന്നു പട്ടം പോലെ. അളഗപ്പൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകനായെത്തിയത്. റിയ എന്ന കഥാപാത്രത്തെയാണ് മാളവിക ചിത്രത്തിൽ അവതരിപ്പിച്ചത്. തിയറ്റിൽ പ്രതീക്ഷിച്ച അത്ര വിജയം നേടാൻ ചിത്രത്തിനായില്ല.
രഞ്ജൻ പലിത് സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലോർഡ് ഓഫ് ദ് ഓർഫൻസ്. ബയോപിക് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ആദിൽ ഹുസൈൻ ആയിരുന്നു ചിത്രത്തിൽ മാളവികയ്ക്കൊപ്പം സ്ക്രീനിലെത്തിയത്. താരയെന്ന കഥാപാത്രത്തെയാണ് മാളവിക ചിത്രത്തിലവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ