കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ''അമ്മ''യുടെ ഒരു ഷോയുടെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും.ആര്‍ക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആര്‍ക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണം', സിദ്ദിഖ് പറഞ്ഞു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. സിനിമാ രംഗത്ത് പുറത്തു കാണുന്ന തിളക്കം മാത്രമാണ് ഉളളത്. വേദനയുടേയും ആകുലതയുടേയും മേഘങ്ങളാണ് സിനിമയ്ക്ക് മുന്നിലുള്ളത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് കടുത്ത പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സിനിമയുടെ തുടക്കം ഘട്ടം മുതല്‍ കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നീ വാക്കുകള്‍, ഈ രംഗത്തുള്ള വനിതകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമയുടെ ആകാശം നിഗൂഢമാണ്. കാണുന്നത് പോലെ ശോഭയുള്ളതല്ല സിനിമാരംഗം. സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നു. താഴേ തട്ടുമുതല്‍ ചൂഷണം നടക്കുന്നു. അവസരം വേണമെങ്കില്‍ സെക്സിന് വഴങ്ങണമെന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. മിണ്ടുന്നവരെ നിശബ്ദരാക്കുന്നു. വഴങ്ങാത്തവരെ മറ്റു പ്രശ്നങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലെ 86-ാം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നു.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബര്‍ 16 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഡിസംബര്‍ 31 നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ