5 movies based on siblings love

മലയാളത്തിലെ 'ചേട്ടച്ഛന്മാര്‍': സഹോദരങ്ങള്‍ക്കൊപ്പം കാണാന്‍ അഞ്ച് ചിത്രങ്ങള്‍

സഹോദരിമാര്‍ക്കുവേണ്ടി എന്തിനും മടിയില്ലാത്ത ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയും മലയാളികളുടെ ഇഷ്ട ചേട്ടന്‍ ഫിഗറാണ്

'വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്നുമീ ഏട്ടന്റെ ചിങ്കാരീ', ഉസ്താദിലെ പപ്പയുടെ ചേട്ടനെപ്പോലെ ഒരു സഹോദരനെ കിട്ടാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. തന്റെ സഹോദരിമാര്‍ക്കുവേണ്ടി എന്തിനും മടിയില്ലാത്ത ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയും മലയാളികളുടെ ഇഷ്ട ചേട്ടന്‍ ഫിഗറാണ്. സഹോദരനും സഹോദരിയും തമ്മിലുള്ള മനോഹര ബന്ധത്തെ ആസ്പദമാക്കി നിരവധി സിനിമകളാണ് മലയാളത്തില്‍ പിറന്നിട്ടുള്ളത്. രക്ഷാബന്ധന്‍ ദിനത്തില്‍ നിങ്ങളുടെ സഹോദങ്ങള്‍ക്കൊപ്പം കാണാന്‍ പറ്റിയ കുറച്ച് സിനിമകള്‍ പരിചയപ്പെടാം.

1. ഹിറ്റ്‌ലര്‍

hitler

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രമാണ് ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയുടേത്, അഞ്ച് സഹോദരിമാരുടെ കര്‍ക്കശക്കാരനും സ്‌നേഹനിധിയുമായ ഏക സഹോദരനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. അമ്മയുടെ മരണത്തോടെ സഹോദരിമാരുടെ ഉത്തരവാദിത്വം മാധവന്‍കുട്ടിക്കാവും. അയാള്‍ ജീവിക്കുന്നതുതന്ന സഹോദരിമാര്‍ക്കുവേണ്ടിയാണ്. 1996ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖാണ്. ശോഭന, മുകേഷ്, ജഗദീഷ്, വാണി വിശ്വനാഥ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

2. ഉസ്താദ്

ustaad

മോഹന്‍ലാലിനെ പ്രധാന കഥാരാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. പരമേശ്വരന്‍ എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥ വികസിക്കുന്നത് പരമേശ്വരനും സഹോദരി പത്മജയും തമ്മിലുള്ള ബന്ധത്തിലൂടെയാണ്. സഹോദരിക്കുവേണ്ടി തന്റെ സാമ്രജ്യം തന്നെ അടിയറവു വെക്കാന്‍ തയ്യാറാവുകയാണ് പരമേശ്വരന്‍. ചിത്രത്തിലെ വെണ്ണിലേ കൊമ്പിലെ രാപ്പാടി എന്ന ഗാനം സഹോദര ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ്. ദിവ്യ ഉണ്ണിയാണ് ചിത്രത്തില്‍ പത്മജയുടെ വേഷത്തിലെത്തിയത്.

3. പവിത്രം

pavithram

അപൂര്‍വ സഹോദര സ്‌നേഹത്തിന്റെ കഥ പറഞ്ഞ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഉണ്ണിയുടെ സഹോദരിയുടെ ജനനത്തോടെ അമ്മ മരിക്കുകയാണ്. തുടര്‍ന്ന് അച്ഛന്‍ നാടുവിടും. ഇതോടെ സഹോദരിയുടെ ഉത്തരവാദിത്വം ഉണ്ണി ഏറ്റെടുക്കും. ഇതിനായി ഇയാള്‍ സ്വന്തം പ്രണയത്തേപ്പോലും മറക്കും. സഹോദരി മീനാക്ഷിയുടെ ചേട്ടച്ഛനായുള്ള അയാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രേക്ഷകര്‍ക്ക് നോവ് സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്.

4. കൂടെ

koode

പൃഥ്വിരാജും നസ്രിയ നസീമുമാണ് ചിത്രത്തില്‍ സഹോദരീ സഹോദരന്മാരുടെ വേഷത്തിലെത്തിയത്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. നസ്രിയ അവതരിപ്പിച്ച ജെന്നിയുടെ മരണത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇതോടെ ദുബായില്‍ നിന്ന് തിരിച്ചെത്തുകയാണ് സഹോദരന്‍ ജോഷ്വ(പൃഥ്വിരാജ്). മരണശേഷം സഹോദരന്റെ അടുത്തേക്ക് ആത്മാവായി പ്രത്യക്ഷപ്പെടുകയാണ് ജെന്നി. ഇരുവരും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്.

5. ക്രോണിക് ബാച്ച്‌ലര്‍

Chronic Bachelor

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം. തന്റെ അച്ഛന് മറ്റൊരു ബന്ധത്തില്‍ പിറന്ന സഹോദരിക്കുവേണ്ടി ജീവിക്കുന്ന സത്യപ്രതാപ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഭാവനയാണ് ചിത്രത്തില്‍ സഹോദരിയുടെ വേഷത്തിലെത്തുന്നത്. മുകേഷ്, രംഭ, ഇന്ദ്രജ, ഇന്നസെന്റ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com