തമിഴ് സിനിമയുടെ സ്ഥിരം വഴികളിൽ നിന്ന് മാറിസഞ്ചരിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച സംവിധായകനാണ് മാരി സെൽവരാജ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് മാരി സെൽവരാജ് തന്റെ ചിത്രങ്ങളെടുക്കാറ്.
തന്റെ ഗ്രാമത്തിലുള്ള മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്കാലം മുഴുവൻ തനിക്ക് സിനിമയുണ്ടാക്കാനെന്ന് മാരി സെൽവരാജ് കൂടെക്കൂടെ പറയാറുണ്ട്. കറുപ്പും വെളുപ്പും മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകളിലെത്തുന്ന മൃഗങ്ങൾ പോലും മറ്റു സിനിമകളിൽ നിന്ന് മാരി സിനിമകളെ വേറിട്ട് നിർത്തുന്നു. മാരി സെൽവരാജിന്റെ ബിഗ് സ്ക്രീൻ മാജിക്കുകളിലൂടെ.
മാരി സെൽവരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വാഴൈ. വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും പോരാട്ടവും ജീവിതവുമാണ് ചിത്രം പറയുന്നത്. ഒപ്പം നഷ്ട ബാല്യത്തെയും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്ന് ട്രെയ്‌ലറിൽ സൂചിപ്പിക്കുന്നുണ്ട്. ഇതിന് മുൻപ് കണ്ടിട്ടുള്ള മാരി സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വാഴൈ എന്നൊരു ഉറപ്പും ട്രെയ്‌ലർ നൽകുന്നുണ്ട്. ഈ മാസം 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിഖില വിമൽ, കലൈയരശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
എപ്പോള്‍ അവകാശമുള്ളിടത്ത് ഇരുന്നു തുടങ്ങുന്നുവോ അന്നു മുതല്‍ നിങ്ങള്‍ മാമന്നന്‍ ആണ് എന്ന് ഓരോരുത്തരെയും ഓർമ്മപ്പെടുത്തിയ ചിത്രമായിരുന്നു മാമന്നൻ. രാഷ്ട്രീയത്തിലെ ജാതിയായിരുന്നു മാമന്നനിലൂടെ മാരി പറഞ്ഞു വച്ചത്. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ മാമന്നന്‍ എന്ന കഥാപാത്രം അണ്ണാ ഡിഎംകെ നേതാവും മുന്‍ സ്പീക്കറുമായ ധനപാലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയതെന്നും ആരോപണമുയർന്നിരുന്നു.
ജാതിയുടെ ഏറ്റവും ഭീകരമായ മുഖം അതിന്റെ അതേ യാഥാര്‍ത്ഥ്യത്തോടെയും തീവ്രതയോടെയും അവതരിപ്പിക്കാൻ കഴിഞ്ഞു മാരി സെൽവരാജിന് പരിയേറും പെരുമാളിൽ. ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെയാണ് ചിത്രം കാണിച്ചു തരുന്നത്. ചിത്രം കണ്ടു കഴിഞ്ഞാലും പരിയേറും പെരുമാൾ പ്രേക്ഷകനെ വേട്ടയാടി കൊണ്ടിരിക്കും. കറുപ്പിയെന്ന നായയുടെ കൊലപാതകത്തിലൂടെയാണ് മാരി സെൽവരാജ് കഥ തുടങ്ങുന്നത്. ഉള്ളു പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്കായിരുന്നു മാരി കാമറ തിരിച്ചു പിടിച്ചത്.
ധനുഷ്, രജിഷ വിജയൻ, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് കർണൻ. 1997 ൽ നടന്ന സംഭവങ്ങളെയും പശ്ചാത്തലത്തെയുമൊക്കെ ഉൾക്കൊള്ളിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വ്യവസ്ഥിതികൾക്കെതിരെ കലഹിക്കുന്ന അനീതിക്കെതിരെ പോരാടാൻ മടിയില്ലാത്ത ഒരു ജനതയുടെ കഥയാണ് ചിത്രം പറഞ്ഞത്.
ധ്രുവ് വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മാരിയുടെ മുൻ ചിത്രങ്ങളിലെന്ന പോലെ ഒരു മൃഗത്തെ പ്രതീകമാക്കിയിരിക്കുന്നത് ബൈസണിലും കാണാം. പരിയേറും പെരുമാളിലെ കറുപ്പി എന്ന നായ, കർണ്ണനിലെ കഴുത, മാമന്നനിലെ പന്നിയുമെല്ലാം ഇത്തരത്തിലുള്ള രൂപകങ്ങളായിരുന്നു. ബൈസണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഒരു കാട്ടുപോത്തിന്റെ ചിത്രം നമ്മുക്ക് കാണാൻ സാധിക്കും. സ്പോർട്സ് ഡ്രാമയായാണ് ബൈസൺ ഒരുങ്ങുന്നത്. പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചിത്രമൊരുങ്ങുന്നതെന്നും മാരി സെൽവരാജ് മുൻപ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ