ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിച്ചിട്ടാല്ലാത്തൊരു ഴോണറാണ് ഫൗണ്ട് ഫൂട്ടേജ് സിനിമകൾ. പതിവ് സിനിമ കാഴ്ചയില്‍ നിന്നെല്ലാം മാറി ഒട്ടും കണ്‍വെന്‍ഷണല്‍ അല്ലാത്ത ആഖ്യാന രീതിയിലാണ് ഫൗണ്ട് ഫൂട്ടേജ് സിനിമകൾ ഒരുക്കുന്നത്. ഒരു സിനിമയുടെ മുഴുവൻ ഭാഗങ്ങളോ അല്ലെങ്കിൽ ചില ഭാഗങ്ങളോ കഥാപാത്രങ്ങൾ റെക്കോർഡ് ചെയ്ത തരത്തിൽ വീഡിയോ റെക്കോര്‍ഡിങ്ങുകളായോ അല്ലെങ്കില്‍ കണ്ടെത്തിയ ഫൂട്ടേജുകളായോ ആകും ഇത്തരം സിനിമകളിൽ അവതരിപ്പിക്കുക.
കേന്ദ്ര കഥാപാത്രങ്ങളോ അല്ലെങ്കിൽ മറ്റു കഥാപാത്രങ്ങളോ അതുമല്ലെങ്കിൽ കഥ നടക്കുന്നതിന്റെ പരിസരത്തുള്ള ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസുകളില്‍ പതിഞ്ഞിട്ടുള്ള വിഷ്വലുകളോ കോര്‍ത്തിണക്കിയാണ് ഫൗണ്ട് ഫൂട്ടേജ് സിനിമകള്‍ സാധാരണയായി നിര്‍മിക്കപ്പെടാറുള്ളത്. കാമറ, സിസിടിവി, മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ കാമറ സ്‌ക്രീനിലൂടെ കഥ പറയുക തുടങ്ങിയ രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുക.
റെക്കോര്‍ഡിങ് ഡിവൈസുകളില്‍ പതിയുന്ന വിഷ്വലുകള്‍ ആയതിനാല്‍ ഇത്തരം സിനിമകളിൽ ദൃശ്യങ്ങൾ ഷേക്ക് ആകുന്നത് കൂടുതലുമാണ്. ഇപ്പോഴിതാ മലയാളത്തിലും ഒരു ഫൗണ്ട് ഫൂട്ടേജ് ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. പ്രേക്ഷകരെ ഞെട്ടിച്ച ചില ഫൗണ്ട് ഫൂട്ടേജ് സിനിമകളിലൂടെ.
1961 ല്‍ പുറത്തിറങ്ങിയ ദ് കണക്ഷന്‍ എന്ന അമേരിക്കന്‍ ചിത്രമാണ് ആദ്യമായി ഫൗണ്ട് ഫൂട്ടേജ് ടെക്നിക് ഉപയോഗിച്ച് പുറത്തിറങ്ങിയ സിനിമ. അമേരിക്കൻ എക്സ്പിരിമെന്റൽ ഫിലിംമേക്കറായ ഷെർലി ക്ലർക്ക് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ ചിത്രീകരിച്ച് ഫൗണ്ട് ഫൂട്ടേജ് ടൈറ്റിൽ കാർഡിലെത്തിയ ആദ്യ ചിത്രവും ഇതായിരുന്നു.
1999 ൽ പുറത്തിറങ്ങിയ ദ് ബ്ലൈര്‍ വിച്ച് പ്രൊജക്റ്റാണ് ഇന്നും ഏറ്റവും മികച്ച ഫൗണ്ട് ഫൂട്ടേജ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാമതുള്ളത്. കാണാതായ മൂന്ന് യുവ സംവിധായകരുടെ കളഞ്ഞുകിട്ടിയ കാമറകളിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
ഒറെൻ പെലി സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് പാരാനോർമൽ ആക്ടിവിറ്റി. യുവ ദമ്പതികളെ അവർ താമസിക്കുന്ന വീട്ടിൽ ഒരു സൂപ്പർനാച്ചുറൽ പവർ വേട്ടയാടുന്നു. ഇത് എന്താണെന്നറിയാൻ അവർ വീടിനുള്ളിൽ കാമറ സ്ഥാപിക്കുന്നതും തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്.
മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായി കണക്കാക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വഴിയേ ആണ്. നിർമ്മൽ ബേബി വർഗീസ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിഗൂഡതകൾ നിറഞ്ഞ ഒരു സ്ഥലത്തേക്കുറിച്ച് ഡോക്യുമെൻ്ററി ഫിലിം നിർമ്മിക്കാനൊരുങ്ങുന്ന രണ്ട് യൂട്യൂബ് വ്ലോഗർമാരുടെ കഥയാണ് ചിത്രം പറയുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത റെഡ് റെയ്ന്‍ ഫൗണ്ട് ഫൂട്ടേജിന് വലിയ പ്രാധാന്യമുള്ള സിനിമയായിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ സീ യു സൂണും ഫൗണ്ട് ഫൂട്ടേജിന്റെ ഭാഗമായ സ്‌ക്രീന്‍ലൈഫ് എന്ന ടെക്നിക്ക് ഉപയോഗിച്ചിറങ്ങിയ സിനിമയാണ്.
ലെവൻ ഗബ്രിയാഡ്‌സെ സംവിധാനം ചെയ്ത ചിത്രം 2014 ലാണ് പുറത്തിറങ്ങിയത്. സ്‌ക്രീന്‍ലൈഫ് ടെക്നിക് ഉപയോഗിച്ച് ഒരുക്കിയ ഫൗണ്ട് ഫൂട്ടേജ് ചിത്രമായിരുന്നു ഇത്. ആറ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ