ഭയം, നിഗൂഡത, ആകാംക്ഷ; മേക്കിങ്ങിൽ ഞെട്ടിച്ച് 'ഫൂട്ടേജ്' - റിവ്യൂ
മേക്കിങ്ങിൽ ഞെട്ടിച്ച് 'ഫൂട്ടേജ്'(4 / 5)
"ഒരു കേസുമായി ബന്ധപ്പെട്ട് രണ്ട് യൂട്യൂബ് വ്ലോഗേഴ്സിന്റെ കാമറ ഫൂട്ടേജിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കേസിന്റെ അന്തിമവിധി ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല"- എന്ന കുറിപ്പോടെയാണ് ഫൂട്ടേജ് സിനിമയിലേക്ക് സംവിധായകൻ സൈജു ശ്രീധരൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്തൊരു ഴോണർ, പതിവ് സിനിമ കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായ ആഖ്യാനവും മേക്കിങ്ങും അങ്ങനെ എല്ലാം കൊണ്ടും പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവമാണ് ഫൂട്ടേജ്.
ഒരു ഫ്ലാറ്റിൽ ഒന്നിച്ചു കഴിയുന്ന കമിതാക്കളും യൂട്യൂബ് വ്ലോഗേഴ്സുമായ രണ്ട് പേരിൽ നിന്നാണ് ഫൂട്ടേജ് തുടങ്ങുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് വ്ലോഗേഴ്സ് ആയെത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. തങ്ങൾക്ക് ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളും കാമറയിൽ പകർത്തി വയ്ക്കുന്നവരാണ് ഇരുവരും, തങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങൾ പോലും.
സന്തോഷത്തോടെ പോകുന്ന അവർ ഒരു ദിവസം തങ്ങളുടെ ഫ്ലാറ്റിന് തൊട്ടപുറത്തെ ഫ്ലാറ്റിലെ നിഗൂഡതകൾ നിറഞ്ഞ ഒരു സ്ത്രീയെ കുറിച്ച് അറിയുന്നു. പിന്നീട് ആ സ്ത്രീയുടെ പിന്നാലെ ഇരുവരും നടത്തുന്ന യാത്രയാണ് ഫൂട്ടേജിന്റെ പ്രമേയം. മഞ്ജു വാര്യർ ആണ് മിസ്റ്ററി വുമണായെത്തുന്നത്. കാമറ 1- ദ് ബോയ്, കാമറ 2- ദ് ഗേൾ എന്നിങ്ങനെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഫൂട്ടേജിൽ കടന്നുവരുന്നുള്ളൂ. ആദ്യാവസാനം വരെ സിനിമയിൽ തുടരുന്നത് വിശാഖ് നായരും ഗായത്രി അശോകും പിന്നെ രണ്ട് കാമറയുമാണ്. പെർഫോമൻസുകളിൽ എടുത്തു പറയേണ്ടത് വിശാഖിന്റെയും ഗായത്രിയുടെയും കെമിസ്ട്രി തന്നെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് മഞ്ജു വാര്യരെ ചിത്രത്തിൽ കാണാനാവുക.
മഞ്ജുവിന്റെ കഥാപാത്രം എന്താണെന്നും ആരാണെന്നുമൊക്കെ വീട്ടു ജോലിക്കാരിയിലൂടെയാണ് പ്രേക്ഷകർ അറിയുക. ആക്ഷൻ രംഗങ്ങളിലടക്കം മഞ്ജു സ്കോർ ചെയ്തിട്ടുണ്ട് ചിത്രത്തിൽ. ഒരു ഡാർക്ക് ഷെയ്ഡിൽ തന്നെയാണ് മഞ്ജു വാര്യരുടെ കഥാപാത്രം മുന്നേറുന്നത്. മഞ്ജുവിന്റെ മുഖം ക്ലിയറായി കാണാൻ കഴിയുന്നത് തന്നെ സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ്. തുടക്കം മുതൽ ഒരു നെഗറ്റീവ് ഷെയ്ഡിലൂടെ കടന്നു പോകുന്ന കഥാപാത്രം എന്നാൽ അവസാനമെത്തുമ്പോഴേക്കും പ്രേക്ഷകരെയും ചെറിയ രീതിയിൽ ഇമോഷണൽ ആക്കുന്നുണ്ട്.
ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ആദ്യം മുതൽ തന്നെ ഒരു സസ്പെൻസ് എലമെന്റ് നിലനിർത്തുന്നുണ്ട് ചിത്രം. അടുത്തത് എന്തായിരിക്കും സംഭവിക്കാൻ പോവുക എന്നൊരു തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട് സംവിധായകൻ. ആദ്യാവസാനം വരെ ആ തോന്നൽ നിലനിർത്താനും സംവിധായകൻ സൈജു ശ്രീധരന് കഴിഞ്ഞിട്ടുണ്ട്.
കഥയിലേക്ക് ഇറങ്ങി ചെന്ന് കഴിയുമ്പോഴാണ് പ്രേക്ഷകരെ കാത്ത് മറ്റ് കഥകൾ വരുന്നത്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ, കോവിഡ് കാലത്തുണ്ടായ ആളുകളുടെ അപ്രതീക്ഷിത മരണം, ആശുപത്രി അധികൃതരുടെ പിഴവിലൂടെ കുട്ടികൾ മരിക്കുന്നത് തുടങ്ങി പലതും ചിത്രം പറഞ്ഞു പോകുന്നുണ്ട്. ഭയം, നിഗൂഡത, ആകാംക്ഷ, സസ്പെൻസ് എല്ലാം പ്രേക്ഷകർക്ക് ഫൂട്ടേജിൽ അനുഭവഭേദ്യമാകും.
ഏറ്റവും എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ ടെക്നിക്കൽ വശമാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന ടെക്നിക്കിലൂടെയാണ് ചിത്രമെത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഫൗണ്ട് ഫൂട്ടേജ് സിനിമകൾ വളരെ വിരളമാണ്. എഡിറ്റിങ് തന്നെയാണ് ഓരോ സീനിലും ഫ്രെയിമിലും പ്രേക്ഷകരെ അമ്പരപ്പെടുത്തിയത്. ഇതിൽ എവിടെയാണ് കട്ട് വന്നതെന്ന് സിനിമ കഴിയുമ്പോൾ പോലും പ്രേക്ഷകൻ ചിന്തിച്ചു പോകും.
അത്രയും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് സൈജു ശ്രീധരൻ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ എന്ന നിലയിലും സംവിധായകനെന്ന നിലയിലും സൈജു തന്റെ ഇരിപ്പിടം മലയാള സിനിമയിൽ ഒന്നു കൂടി ശക്തമായി ഉറപ്പിച്ചിരിക്കുകയാണ് ഫൂട്ടേജിലൂടെ. ദൃശ്യങ്ങളും മികവ് പുലർത്താൻ ഛായാഗ്രഹകൻ ഷിനോസിന് കഴിഞ്ഞിട്ടുണ്ട്. സിനിമ കഴിഞ്ഞാലും മനസിൽ തങ്ങിനിൽക്കുന്ന ചില ഫ്രെയിമുകൾ സിനിമയിലുണ്ട്.
സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്. കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം ചേർന്നു നിന്നു സുഷിന്റെ സംഗീതവും. ഇന്റിമേറ്റ് സീനുകളുടെ അതിപ്രസരം തന്നെയാണ് ചിത്രത്തിന്റെ വലിയൊരു പോരായ്മ ആയി തോന്നിയത്. ചിത്രം തുടങ്ങുന്നത് തന്നെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയാണ്. സെൻസറിങ് ഒന്നുമില്ലാതെ തന്നെയാണ് അത്തരം രംഗങ്ങൾ കാണിച്ചിരിക്കുന്നതും.
അത്തരം രംഗങ്ങൾ ചിലതൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിൽ ചെറിയ തോതിൽ വൈലൻസ് കടന്നുവരുന്നതു കൊണ്ട് കുടുംബത്തോടൊപ്പമിരുന്നും കുട്ടികൾക്കും കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലല്ല ചിത്രമൊരുക്കിയിരിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു എക്സ്പിരിമെന്റൽ സിനിമയെന്ന നിലയിൽ ഫൂട്ടേജ് നിരാശപ്പെടുത്തിയില്ലെന്ന് വേണം പറയാൻ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒപ്പം എഡിറ്ററിൽ നിന്ന് സംവിധായകനിലേക്കുള്ള സൈജുവിന്റെ ഗംഭീര തുടക്കവും. എന്നാൽ എല്ലാത്തരം പ്രേക്ഷകരെയും ഫൂട്ടേജ് ചിലപ്പോൾ തൃപ്തിപ്പെടുത്തിയെന്ന് വരില്ല. മിസ്റ്ററി ത്രില്ലറുകൾ കാണാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും ഫൂട്ടേജ് കണ്ടിരിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ