രാജ്യമൊട്ടാകെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. മഞ്ഞപ്പട്ടും ഓടക്കുഴലും മയിൽപ്പീലിയുമായി ഉണ്ണിക്കണ്ണന്മാർ ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 26 ന് ആണ് ശ്രീകൃഷ്ണ ജയന്തി. ഗോകുലാഷ്ടമി, ജന്മാഷ്ടമി, കൃഷ്ണാഷ്ടമി, കൃഷ്ണ ജന്മാഷ്ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടുന്നു. കേരളത്തിലുമിപ്പോൾ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാറുണ്ട്.
ക്ഷേത്രങ്ങളിലെ ചടങ്ങുകളും പൂജകളും കൂടാതെ ശ്രീകൃഷ്ണന്‍റെ വേഷം കെട്ടിയുള്ള കുട്ടികളുടെ ഘോഷയാത്രകളും ഈ ദിവസം നടക്കാറുണ്ട്. കൃഷ്ണ ഭക്തി നിറഞ്ഞു നിൽക്കുന്ന നിരവധി സിനിമകളും പരമ്പരകളും പുറത്തിറങ്ങിയിട്ടുണ്ട്. അക്ഷയ് കുമാർ, പവൻ കല്യാൺ, സൗരഭ് രാജ്, സുമേധ് തുടങ്ങി നിരവധി താരങ്ങൾ കൃഷ്ണനായി എത്തി പ്രേക്ഷക മനം കവർന്നിട്ടുണ്ട്. ഈ ജന്മാഷ്ടമിയിൽ കൃഷ്ണ ഭക്തി നിറയ്ക്കുന്ന ചില സിനിമകളിലൂടെ കടന്നു പോകാം.
കൃഷ്ണൻ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യമെത്തുന്ന സിനിമ നന്ദനം തന്നെയായിരിക്കും. രഞ്ജിത് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് നന്ദനം. പൃഥ്വിരാജ്, നവ്യ നായർ, അരവിന്ദ് ആകാശ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. അരവിന്ദ് ആകാശ് ആണ് ചിത്രത്തിൽ കൃഷ്ണനായെത്തിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും മലയാളികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്.
ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു അഗ്നീപഥ്. കരൺ മൽഹോത്ര സംവിധാനം ചെയ്ത ചിത്രം 2012 ലാണ് പുറത്തിറങ്ങിയത്. തിയറ്ററുകളിൽ ചിത്രം വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഉമേഷ് ശുക്ല സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓ മൈ ഗോഡ്. പരേഷ് റാവൽ, അക്ഷയ് കുമാർ, മിഥുൻ ചക്രവർത്തി, ശ്രിയ ശരൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ആദ്യ ഭാഗം സൂപ്പർ ഹിറ്റായതോടെ ഓ മൈ ഗോഡ് 2 എന്ന പേരിൽ ചിത്രത്തിന് രണ്ടാം ഭാഗവുമൊരുങ്ങിയിരുന്നു.
ഡേവിഡ് ധവാൻ സംവിധാനം ചെയ്ത് സൽമാൻ ഖാൻ, കരിഷ്മ കപൂർ, രംഭ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജുദ്‌വാ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും വൻ വിജയം നേടി. സൽമാൻ ഖാൻ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തിയത്.
സൽമാൻ ഖാനും ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കരൺ അർജുൻ. മംമ്ത കുൽക്കർണി, കജോൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ