തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടര്‍ന്ന് വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസും രംഗത്ത് വന്നു. പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാന്‍ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം പറഞ്ഞത്. നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2009-2010 സമയത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവനും ഹോട്ടലില്‍ പേടിച്ചാണ് താമസിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നെങ്കിലും ആരും പിന്നീട് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. മോശം പെരുമാറ്റം എതിര്‍ത്തതിനാല്‍ ആ സിനിമയിലും മറ്റ് സിനിമകളിലൊന്നിലും അവസരം നല്‍കിയില്ലെന്നും ശ്രീലേഖ മിത്ര പറയുന്നു.
അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതെയിരുന്നതെന്നുമാണ് രഞ്ജിത്ത് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ