ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് നാടെങ്ങും. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കാറുള്ളത്. ഈ ദിവസം ശ്രീകൃഷ്ണ പരമ്പരകളും സിനിമകളുമൊക്കെ പ്രേക്ഷകർക്കായി സംപ്രേഷണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണ വേഷം അനശ്വരമാക്കിയ ഒട്ടനവധി താരങ്ങളുണ്ട്. നന്ദനത്തിലെ അരവിന്ദ് ആകാശ്, മീശ മാധവനിലെ ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ കൃഷ്ണ വേഷത്തിലെത്തി. മലയാള സിനിമയിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച ചില താരങ്ങളെ പരിചയപ്പെടാം.
ഇന്നും മലയാളികൾക്കിടയിൽ ഹിറ്റാണ് മീശ മാധവനിൽ കൃഷ്ണനായെത്തിയ ഹരിശ്രീ അശോകന്റെ കഥാപാത്രം. മീമുകളിലും ട്രോളുകളും വിഷു ആശംസകളിലും വരെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കൃഷ്ണൻ ഇന്നും നിറഞ്ഞു നിൽക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത് 2002 ൽ ദിലീപ് നായകനായെത്തിയ ചിത്രമായിരുന്നു മീശ മാധവൻ. കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
ശശി ശങ്കറിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റർ ബട്ട്ലർ. ജഗതി, ദിലീപ്, രുചിത പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ രാരവേണു... എന്ന ഗാനരംഗത്തിൽ ദിലീപ് കൃഷ്ണനായി എത്തിയിരുന്നു. ഈ ഗാനം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്.
കമൽ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ആമി. മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിൽ കൃഷ്ണനായെത്തിയത്.
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി 20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ഇന്നസെന്റ് കൃഷ്ണ വേഷത്തിലെത്തി മലയാളികളെ ചിരിപ്പിച്ചിരുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത് 2016ലെത്തിയ ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സൗബിനായിരുന്നു ചിത്രത്തിൽ കൃഷ്ണ വേഷത്തിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ