കൊച്ചി: അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടരാജിയിൽ അഭിപ്രായ ഭിന്നയുണ്ടായിരുന്നുവെന്ന് നടി സരയു മോഹൻ. ഭരണസമിതിയിൽ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയായ സരയു മാധ്യമങ്ങളോട് വെളിപ്പെടുത്തി. "കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തത്. ഞാന്‍ ഇതുവരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
കുറച്ചു പേർ അതിൽ ഉറച്ചു നിൽക്കുന്നുണ്ട്. അമ്മ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാര്‍ത്താസമ്മേളനമായിരുന്നില്ല അത്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവര്‍ത്തകരും അഡ്രസ് ചെയ്ത് നടത്തപ്പെടേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനമായിരുന്നു. അതു തന്നെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പങ്കുവച്ചിട്ടുള്ള അഭിപ്രായം.
ഞങ്ങളുടെ പ്രസിഡന്റായിരുന്ന മോഹൻലാൽ ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താല്പര്യമില്ലാത്ത അദ്ദേഹത്തിന്‍റേതായ സൈലന്‍റായ സ്പേസില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാളെ മുതല്‍ നമ്മളോട് സഹകരിക്കില്ല എന്ന രീതിയിലൊന്നുമല്ല അദ്ദേഹം സംസാരിച്ചത്. മുന്നോട്ടും അദ്ദേഹത്തിന്റെ പിന്തുണയറിയിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. ഞാനും വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ആരോപണങ്ങള്‍ വരികയാണെങ്കില്‍ തെളിയിക്കപ്പെടണമെന്നും വിശ്വസിക്കുന്നു. അതിൽ എനിക്ക് ഭിന്നാഭിപ്രായമോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നുമില്ല. ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നതെന്ന അഭിപ്രായം എനിക്കുണ്ട്. വോട്ട് അഭ്യര്‍ഥിച്ച് അമ്മയിലെ അംഗങ്ങള്‍ വോട്ട് ചെയ്ത് എക്സിക്യൂട്ടിവിലേക്ക് എത്തിയ ഒരാളാണ് ഞാന്‍. ആ ഒരു ഉത്തരവാദിത്വം എനിക്കുണ്ട്.
അതുകൊണ്ട് അവരോട് ഉത്തരം പറയേണ്ട ബാധ്യത ഉണ്ടെന്നും ഞാന്‍ കരുതുന്നു. ഒരേ സമയത്ത് കോടികള്‍ വാങ്ങുകയും മറുവശത്ത് കൈനീട്ടം പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു വിഭാഗവും ഒരു കുടക്കീഴിലുള്ള സംഘടനയാണ് അമ്മ. വളരെ സാധാരണക്കാരായ അംഗങ്ങള്‍ അമ്മയിലുണ്ട്. അവരെ നിരാശപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, പക്ഷേ ആ ചെറിയൊരു ശ്രമം ആത്മാര്‍ഥമായി അംഗങ്ങള്‍ക്കു വേണ്ടി എന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓരോ വോട്ടിനും ഞാന്‍ വിലകല്‍പിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും. ഞാനിപ്പോഴും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭയന്നോടുന്നത് വ്യക്തിപരമായി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്".- സരയു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ