Thilakan, Mohanlal
തിലകനും മോഹൻലാലും

അച്ഛൻ മകൻ കോമ്പോ മാത്രമല്ല! തിലകനും മോഹൻലാലും ഒന്നിച്ചെത്തിയ സിനിമകൾ

തിലകനും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് അതൊരു വിസ്മയമായിരുന്നു.

മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് തിലകനെ സ്നേഹത്തോടെ മലയാളികൾ വിളിക്കാറ്. സിനിമയ്ക്കകത്തും പുറത്തും ഒറ്റയാന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് തന്നെ. നാടക നടനായി വളര്‍ന്ന് ഒടുവില്‍ വെള്ളിത്തിരയിലെത്തി മലയാള സിനിമയുടെ തലത്തൊട്ടപ്പനായി മാറിയ അഭിനയകുലപതിയുടെ വിയോഗം മലയാള സിനിമയ്ക്ക് എന്നും ഒരു തീരാനഷ്‌ടമാണ്. ഒട്ടനവധി അനശ്വര കഥാപാത്രങ്ങള്‍ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം.

ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നല്‍കി. പെരുന്തച്ചൻ, ​ഗോഡ്‌ഫാദർ, മണിച്ചിത്രത്താഴ്, കൗരവർ, നോടിടിക്കാറ്റ്, സ്ഫടികം, കിരീടം, സന്ദേശം, ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി സിനിമകളാണ് തിലകൻ മലയാളികൾക്ക് സമ്മാനിച്ചത്.

തിലകനും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് അതൊരു വിസ്മയമായിരുന്നു. സ്ഫടികം, നാടോടിക്കാറ്റ്, കിരീടം, നരസിം​ഹം തുടങ്ങിയ സിനിമകളെല്ലാം മലയാളികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയവയായിരുന്നു. മിക്ക സിനിമകളിലും തിലകന്റെ മകനായാണ് മോഹൻലാലെത്തിയത്. അച്ഛനും മകനുമായി ഇരുവരുമെത്തിയപ്പോഴെല്ലാം പ്രേക്ഷകർ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തിലകനൊപ്പം മോഹൻലാലെത്തിയ ചില സിനിമകളിലൂടെ സഞ്ചരിക്കാം.

1. സ്ഫടികം

സ്ഫടികത്തിലെ ചാക്കോ മാഷെയും മകൻ ആടുതോമയെയും മലയാളികൾക്ക് ഒരുകാലത്തും മറക്കാനാകില്ല. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം- ചാക്കോ മാഷ് പറഞ്ഞ ഈ ഡയലോഗ് മലയാളികൾ ഇപ്പോഴും പല സാഹചര്യത്തിലും പറയാറുണ്ട്. ഇത്രയധികം ആരാധകരുള്ള ഒരച്ഛനും മകനും മലയാള സിനിമയിലുണ്ടോയെന്ന് ഇന്നും സംശയമാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക നിമിഷമൊക്കെ അസാധ്യമായാണ് തിലകനും മോഹൻലാലും അവതരിപ്പിച്ചിരിക്കുന്നത്.

2. കിരീടം

ലോഹിതദാസ് തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന് ചെങ്കോൽ എന്ന പേരിൽ രണ്ടാം ഭാ​ഗവുമൊരുങ്ങിയിരുന്നു. അച്ഛൻ - മകൻ ബന്ധത്തിന്റെ മറ്റൊരു തലമായിരുന്നു കിരീടത്തിലൂടെ പ്രേക്ഷകർ കണ്ടത്. സേതുമാധവനായി മോഹൻലാലും അച്ഛൻ അച്യുതൻ നായരായി തിലകനും പ്രേക്ഷക മനം കീഴടക്കി. അച്ഛൻ്റെ നിസഹായതയും മകൻ്റെ നിരാശയും ഇരുവരും അസാമാന്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. മോനേ കത്തി താഴെ ഇടെടാ എന്ന തിലകന്റെ ഡയലോ​ഗിന് ഇന്നും ആരാധകരേറെയാണ്.

3. നരസിംഹം

അച്ഛനും മകനുമായി മോഹൻലാലും തിലകനും ഒരിക്കൽ കൂടി മലയാളികൾക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു നരസിംഹം. ജസ്റ്റിസ് മേനോനായി തിലകനും പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രമായി മോഹൻലാലും ​ഗംഭീര പ്രകടനമാണ് നടത്തിയത്. കുറ്റബോധം, കോപം, ക്ഷമ തുടങ്ങിയ വികാരങ്ങൾ ഇരുവരും അനശ്വരമാക്കി. എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ, ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ലെന്ന് ഞാൻ അന്ന് വിശ്വസിച്ചിരുന്നു, ഇന്നും വിശ്വസിക്കുന്നു എന്നൊക്കെയുള്ള തിലകന്റെ ഡയലോ​ഗുകൾ ഇന്നും പ്രേക്ഷകർക്ക് മനപാഠമാണ്.

4. കിലുക്കം

പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ കിലുക്കം ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്ന്. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ജസ്റ്റിസ് പിള്ളയെന്ന കഥാപാത്രമായി തിലകനും ജോജിയായി മോഹൻലാലും ചിത്രത്തിലെത്തി.

5. നാടോടിക്കാറ്റ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലും മോഹൻലാൽ, തിലകൻ കോമ്പോ കാണാം. അനന്തൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ തിലകനെത്തിയത്. അനന്തൻ നമ്പ്യാർക്ക് ഇന്നും നിരവധി ഫാൻസുണ്ട്. ഇതു കൂടാതെ മിന്നാരം, പഞ്ചാഗ്നി, അഭയംതേടി, മണിച്ചിത്രത്താഴ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ഇവിടം സ്വര്‍ഗമാണ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങി നിരവധി സിനിമകളിൽ തിലകൻ - മോഹൻലാൽ കോമ്പോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com