Nani
നാനിഇൻസ്റ്റ​ഗ്രാം

ക്ലാപ് ബോയിയിൽ നിന്ന് 'നാച്ചുറൽ സ്റ്റാറി'ലേക്ക്; നാനിയുടെ കിടിലൻ ഫെർഫോമൻസുകൾ

സിനിമ ബാക്ക്‌​ഗ്രൗണ്ടുകളൊന്നുമില്ലാതെ ചാൻസ് ചോദിച്ചും ഓഡിഷനിൽ പങ്കെടുത്തുമാണ് നാനി സിനിമയിലെത്തുന്നത്.

ഈച്ച എന്ന ചിത്രത്തിലൂടെയാണ് നാനി എന്ന നടൻ മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറിയത്. മലയാളികൾക്ക് നാനിയെ ഇഷ്ടമുള്ളതു പോലെ അദ്ദേഹത്തിന് തിരിച്ചും മലയാളികളെ ഒരുപാടിഷ്ടമാണ്. 'ഞാൻ പറഞ്ഞതാണ്, ഏത് സിനിമ ഉണ്ടെങ്കിലും കേരളത്തിൽ വരുമെന്ന്... എനിക്ക് വളരെ ഇഷ്ടമുള്ളവരുണ്ടിവിടെ' എന്ന് തന്റെ പുതിയ ചിത്രമായ സൂര്യാസ് സാറ്റർഡെയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയപ്പോൾ നാനി പറഞ്ഞ വാക്കുകളാണിത്.

സിനിമ ബാക്ക്‌​ഗ്രൗണ്ടുകളൊന്നുമില്ലാതെ ചാൻസ് ചോദിച്ചും ഓഡിഷനിൽ പങ്കെടുത്തുമാണ് നാനി സിനിമയിലെത്തുന്നത്. റേഡിയോ ജോക്കിയായി കരിയർ തുടങ്ങിയ താരം പിന്നീട് ക്ലാപ് ബോയ് ആയും അസിസ്റ്റന്റ് ഡയറക്ടറായും സിനിമയിലെത്തി. പിന്നീടാണ് അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത്. അഭിനയശൈലികൊണ്ടും പെരുമാറ്റം കൊണ്ടും ആരാധകർക്കിടയിൽ നാച്ചുറൽ സ്റ്റാർ എന്നാണ് നാനി അറിയപ്പെടുന്നത്. സിനിമയിൽ ഹിറ്റുകൾക്കൊപ്പം തന്നെ വൻ പരാജയങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള നടനാണ് നാനി. അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നാനിയുടെ ചില കഥാപാത്രങ്ങളിലൂടെ...

1. അഷ്ട ചമ്മ

Nani

നായകനായി നാനി അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സോഫീസിൽ ഹിറ്റായി എന്നു മാത്രമല്ല നാനിയുടെ കഥാപാത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങി. മോഹൻ കൃഷ്ണ ഇന്ദ്രഗന്ദിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സ്വാതി റെഡ്ഡി, ശ്രീനിവാസ് അവസരള, ഭാർഗവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നാനിയുടെ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നു കൂടിയാണിത്.

2. ഈ​ഗ

Nani

എസ് എസ് രാജമൗലി രചനയും സംവിധാനവും നിർവഹിച്ച് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഈ​ഗ. ഈച്ച എന്ന പേരിൽ ചിത്രം മലയാളത്തിലും മൊഴിമാറ്റിയെത്തിയിരുന്നു. ഫാൻ്റസി ആക്ഷൻ ചിത്രമായാണ് ഈഗ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നാനി, സാമന്ത, കിച്ച സുദീപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 1990 കളിൽ രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് മനുഷ്യനോട് പ്രതികാരം ചെയ്യുന്ന ഒരു ഈച്ചയെക്കുറിച്ച് തമാശയായി പറഞ്ഞ സംഭാഷണത്തിൽ നിന്നാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയത്.

3. ജേഴ്സി

Nani

ഗൗതം ടിന്നനൂരി എഴുതി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജേഴ്സി. സ്‌പോർട്‌സ് ഡ്രാമയായാണ് ജേഴ്‌സി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ശ്രദ്ധ ശ്രീനാഥ്, മൃണാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 2019 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമായാണ് ജേഴ്സി കണക്കാക്കപ്പെടുന്നത്.

4. ​ഗാങ് ലീഡർ

Nani

വിക്രം കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രിയങ്ക മോഹൻ, കാർത്തികേയ ​ഗുമ്മകൊണ്ട തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രിയങ്കയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. പെൻസിൽ പാർഥസാരഥി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നാനിയെത്തിയത്.

5. ​ശ്യാം സിങ്ക റോയ്

Nani

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്‌ത 2021 ൽ പുറത്തുവന്ന പീരിയഡ് ഡ്രാമയാണ് ശ്യാം സിങ്ക റോയ്. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ശ്യാം സിങ്ക റോയ് എന്ന കേന്ദ്രകഥാപാത്രമായും അദ്ദേഹത്തിന്റെ പുനർജന്മമായ വാസു എന്ന കഥാപാത്രമായുമാണ് നാനി ചിത്രത്തിലെത്തിയത്. നാനിയുടെ ആക്ഷൻ രം​ഗങ്ങളും സായ് പല്ലവിയുടെ നൃത്തവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com