ബോളിവുഡിലെ ഹിറ്റ് മേക്കറാണ് രാജ്കുമാർ റാവു. വേറിട്ട സിനിമകൾ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന നടൻ കൂടിയാണദ്ദേഹം. പലപ്പോഴും വ്യത്യസ്തമായ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തി ഹിറ്റുകളിലൂടെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്തി അദ്ദേഹം. കരിയറിന്റെ തുടക്കത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്.
2010 ൽ പുറത്തിറങ്ങിയ ലവ് സെക്സ് ഔർ ദോക്ക എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് രാജ്കുമാർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീടിങ്ങോട്ട് നിരൂപക പ്രശംസ നേടിയതും ബ്ലോക്ബസ്റ്ററുകളുമായ നിരവധി സിനിമകളുടെ ഭാഗമായി അദ്ദേഹം.
കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് തിയറ്ററുകളിൽ മുന്നേറുന്ന സ്ത്രീ 2 ആണ് രാജ്കുമാർ റാവുവിൻ്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഇന്ന് താരത്തിന്റെ 40-ാം പിറന്നാൾ കൂടിയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. നടനെന്ന നിലയിൽ രാജ്കുമാർ റാവു അവിസ്മരണീയമാക്കിയ ചില സിനിമകളിലൂടെ.
രാജ്കുമാർ റാവുവിന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ സ്ത്രീ. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി എന്ന തയ്യൽക്കാരൻ്റെ വേഷത്തിലാണ് താരമെത്തിയത്. ഹൊറർ ചിത്രമായെത്തിയ സ്ത്രീയുടെ രണ്ടാം ഭാഗവും അടുത്തിടെ പുറത്തുവന്നിരുന്നു. സ്ത്രീ 2വും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.
സ്വവർഗാനുരാഗം പ്രമേയമാക്കി ഹർഷവർധൻ കുൽക്കർണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബദായി ദോ. പ്രണയത്തിന് ആൺ - പെൺ ഭേദമില്ലെന്നും മനുഷ്യർ എന്ന ഒരു കാറ്റഗറി മാത്രമേ ഉള്ളൂ എന്നുമായിരുന്നു ചിത്രം പറഞ്ഞു വച്ചത്. ശർദുൽ താക്കൂർ എന്ന പൊലീസുകാരനായാണ് ചിത്രത്തിൽ താരമെത്തിയത്. ഭൂമി പട്നേക്കർ ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
അമിത് വി മസുർക്കർ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് ന്യൂട്ടൺ. ന്യൂട്ടൺ കുമാർ എന്ന ടൈറ്റിൽ കഥാപാത്രമായാണ് രാജ്കുമാർ റാവു ചിത്രത്തിലെത്തിയത്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
2016 ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലറായിരുന്നു ട്രാപ്പ്ഡ്. മുംബൈയിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഫ്ലാറ്റിൽ കുടുങ്ങിപ്പോയ ശൗര്യ എന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു സിനിമയൊരുക്കിയത്. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്തത്. രാജ്കുമാർ റാവുവിന്റെ അതിഗംഭീര പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
ബംഗാളി ചിത്രമായ ആമി സൈറ ബാനുവിൽ ട്രാൻസ്ജെൻഡറായാണ് രാജ്കുമാർ റാവു എത്തിയത്. രാഹുല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തത്. കൊല്‍ക്കത്തയില്‍ ട്രാൻസ്ജെൻഡറുകളോടൊപ്പം താമസിച്ച് അവരുടെ മാനറിസങ്ങള്‍ പഠിച്ചെടുത്താണ് ചിത്രത്തിൽ രാജ്കുമാർ റാവു അഭിനയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ