ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് നിർമാതാവും അല്ലു അർജുന്റെ അച്ഛനുമായ അല്ലു അരവിന്ദ്. പൊലീസിൽ നിന്നും എല്ലാ അനുമതികളും നേടിയ ശേഷമാണ് ബുധനാഴ്ച അല്ലു അരവിന്ദ് ഹൈദരാബാദിലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചത്.
മരിച്ച യുവതിയുടെ പിതാവിനോടും ഭർത്താവിനോടും അല്ലു അരവിന്ദ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശ്രീതേജിനെ ചികിത്സിച്ച ഡോക്ടർമാരോടും ചികിത്സാ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. നിലവിൽ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീതേജ്. കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
നിയമപരമായി നിയന്ത്രണങ്ങൾ ഉള്ളതു കാരണം അല്ലു അർജുന് ഇപ്പോൾ ശ്രീതേജിനെയും കുടുംബത്തെയും സന്ദർശിക്കാൻ കഴിയില്ലെന്നും, ശ്രീതേജ് വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലു അരവിന്ദ് പറഞ്ഞു. ശ്രീതേജിന്റെ ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസം മൂലം ശ്രീതേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക