3 Idiots and Munna Bhai
ഇഡിയറ്റ്സ് 2, മുന്നാ ഭായ്ഇൻസ്റ്റ​ഗ്രാം

ആ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തുടർ ഭാ​ഗങ്ങൾ വരുന്നു; സ്ഥിരീകരിച്ച് വിധു വിനോദ് ചോപ്ര

ത്രീ ഇഡിയറ്റ്സിനും മുന്നാ ഭായ്ക്കും തുടർ ഭാ​ഗങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വിധു വിനോദ് ചോപ്ര.
Published on

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള സിനിമകളാണ് 3 ഇഡിയറ്റ്സും മുന്നാ ഭായ് എംബിബിഎസും. ഈ ചിത്രങ്ങൾക്ക് സീക്വലുകളുണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ തുടർ ഭാഗങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വിധു വിനോദ് ചോപ്ര. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിധു ചോപ്ര ഇക്കാര്യം പറഞ്ഞത്.

"2 ഇഡിയറ്റ്സ്, മുന്നാ ഭായ് 3 എന്നീ ചിത്രങ്ങൾക്കായുള്ള കഥ എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതിന് പുറമേ കുട്ടികൾക്കായി ഒരു സിനിമ നിർമിക്കാനുള്ള ശ്രമത്തിലുമാണ്. ഈ സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു ഹൊറർ കോമഡിയും ഞാൻ എഴുതുന്നുണ്ട്, അത് വളരെ രസകരമായിരിക്കും. ആദ്യം അടുത്ത ഒന്ന് രണ്ട് വർഷത്തേക്കുള്ള കഥയാണ് എഴുതുന്നത്. പിന്നെ അത് നിർമിക്കണം. 2 ഇഡിയറ്റ്‌സും മുന്നാ ഭായ് 3യും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു".- വിധു ചോപ്ര പറഞ്ഞു.

തന്റെ തന്നെ സിനിമകളുടെ തിരക്കഥകൾ പൂർത്തിയാക്കാൻ എന്തിനാണ് ഇത്രയും സമയമെടുക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. "എനിക്ക് വേണമെങ്കിൽ മുന്നാ ഭായിയുടെയും 3 ഇഡിയറ്റ്സിന്റെയും 2-3 തുടർഭാഗങ്ങൾ ചെയ്യാമായിരുന്നു. എനിക്ക് ധാരാളം പണം സമ്പാദിക്കാമായിരുന്നു. ഞാൻ ഒരു വലിയ കാറും വലിയ വീടും വാങ്ങി. പക്ഷേ അവ നല്ല സിനിമകളായിരുന്നില്ല എങ്കിൽ, ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ഇഷ്ടപ്പെടുമായിരുന്നില്ല".- വിധു ചോപ്ര വ്യക്തമാക്കി.

വിധു വിനോദ് ചോപ്ര നിർമിച്ച 3 ഇഡിയറ്റ്സും മുന്നാ ഭായ് എംബിബിഎസും സംവിധാനം ചെയ്തത് രാജ്കുമാർ ഹിരാനിയായിരുന്നു. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com