മൊത്തത്തിൽ ഒരു മലയാളി ടച്ച് ആണല്ലോ; 'സൂര്യ 44' ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Retro
റെട്രോ
Updated on

സൂര്യ - കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. റെട്രോ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായാണ് അണിയറപ്രവർത്തകർ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട് അണിയറപ്രവർ‌ത്തകർ.

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിലെ നായിക. നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ അഭിനയിക്കും. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്.

നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായിരിക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com