കാമിയോ റോളിലും ഞെട്ടിച്ച സൽമാൻ ഖാൻ; താരത്തിന്റെ മികച്ച അതിഥി വേഷങ്ങളിതാ

പിതാവ് സലിം ഖാനെപ്പോലെ തിരക്കഥാകൃത്ത് ആകണമെന്നായിരുന്നു സല്‍മാന്‍റെ ആഗ്രഹം.
Salman Khan
സൽമാൻ ഖാൻഇൻസ്റ്റ​ഗ്രാം

ബോളിവുഡിന്റെ മസില്‍ മാനും ഭായ് ജാനുമായ സല്‍മാൻ ഖാന് ഇന്ന് 59-ാം പിറന്നാള്‍. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം. മോഡലായാണ് സൽമാൻ തന്റെ കരിയർ തുടങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിതാവ് സലിം ഖാനെപ്പോലെ തിരക്കഥാകൃത്ത് ആകണമെന്നായിരുന്നു സല്‍മാന്‍റെ ആഗ്രഹം. ഒരു നടനാകണമെന്ന് സൽമാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 'ബാഗി: എ റിബൽ ഫോർ ലവ്', 'വീർ', 'ചന്ദ്രമുഖി' എന്നീ മൂന്ന് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്. ചില ചിത്രങ്ങളിൽ കാമിയോ അപ്പിയറൻസിലെത്തിയും സൽമാൻ ഞെട്ടിച്ചിട്ടുണ്ട്. സൽമാൻ ഖാന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട 5 അതിഥി വേഷങ്ങൾ ഇതാ.

1. പത്താൻ

പത്താൻ
പത്താൻ

വൈആർഎഫ് സ്പൈ യൂണിവേഴ്‌സിലെത്തുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകരിലുണ്ടാക്കുന്ന ആവേശം ചെറുതൊന്നുമല്ല. തന്റെ ഉറ്റ സുഹൃത്ത് ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താനിലെ സൽമാന്റെ അതിഥി വേഷത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സൽമാന്റെ തന്നെ കഥാപാത്രമായ ടൈഗർ ആയാണ് പത്താനിൽ താരമെത്തിയത്. ഇരുവരെയും ഒന്നിച്ച് ബി​ഗ് സ്ക്രീനിൽ കാണാനായത് ആരാധകരും ആഘോഷമാക്കി. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷൻ രം​ഗങ്ങളൊക്കെയും തിയറ്ററുകളിൽ വലിയ തോതിൽ കൈയ്യടി നേടുകയും ചെയ്തു.

2. കുച്ച് കുച്ച് ഹോതാ ഹേ

കുച്ച് കുച്ച് ഹോതാ ഹേ
കുച്ച് കുച്ച് ഹോതാ ഹേ

കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലെ സൽമാന്റെ അമൻ മെഹ്‌റയെ അത്ര വേ​ഗം പ്രേക്ഷകർ മറക്കാനിടയില്ല. ഇന്നും സൽമാന്റെ ഈ കഥാപാത്രം പ്രേക്ഷകരുടെ ഇഷട് റോളുകളിലൊന്നാണ്. ചിത്രത്തിലെ സൽമാന്റെ പ്രകടനവും കൈയ്യടി നേടി. ഷാരൂഖാനും റാണി മുഖർജിയും കജോളുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കരൺ ജോഹറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ സൽമാന്റെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരുന്നു.

3. സിങ്കം എ​ഗെയ്ൻ

സിങ്കം എ​ഗെയ്ൻ
സിങ്കം എ​ഗെയ്ൻ

ബോളിവുഡ് സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സൽമാന്റെ അതിഥി വേഷങ്ങളിലൊന്നായിരുന്നു സിങ്കം എഗെയ്നിലേത്. ദബാങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ചുൽബുൽ പാണ്ഡെ എന്ന പൊലീസ് കഥാപാത്രമായാണ് സിങ്കം എ​ഗെയ്നിൽ സൽമാനെത്തിയത്. ചിത്രം പ്രതീക്ഷിച്ച അത്ര വിജയമായി മാറിയില്ലെങ്കിലും സൽമാന്റെ കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

4. അജബ് പ്രേം കി ഗസബ് കഹാനി

അജബ് പ്രേം കി ഗസബ് കഹാനി
അജബ് പ്രേം കി ഗസബ് കഹാനി

രൺബീർ കപൂറും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അജബ് പ്രേം കി ഗസബ് കഹാനി. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാനും കാമിയോ റോളിലെത്തി. സൽമാൻ എന്ന കഥാപാത്രമായി തന്നെയാണ് താരം ചിത്രത്തിലെത്തിയത്. കോമഡി റോളായിരുന്നു സൽമാന് ചിത്രത്തിൽ. ബോക്സോഫീസിലും വിജയമായി മാറിയ ചിത്രത്തിലെ സൽമാന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

5. ബാഗ്ബൻ

ബാഗ്ബൻ
ബാഗ്ബൻ

സൽമാന്റെ കരിയറിലെ മികച്ച മറ്റൊരു അതിഥി വേഷമായിരുന്നു ബാ്​ഗബനിലേത്. അമിതാഭ് ബച്ചന്റെയും ഹേമ മാലിനിയുടെയും ദത്തുപുത്രനായ അലോകിനെയാണ് സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചത്. തന്നെ ദത്തെടുത്ത വളർത്തിയ ഇരുവരോടും സ്നേഹവും കരുതലുമുള്ള മകനായി സൽമാൻ പ്രേക്ഷക മനം കവർന്നു. രവി ചോപ്രയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇത് കൂടാതെ ഏറ്റവും ഒടുവിലായി വരുൺ ധവാനും കീർത്തി സുരേഷും ഒന്നിച്ചെത്തിയ ബേബി ജോൺ എന്ന ചിത്രത്തിലും സൽമാൻ അതിഥി വേഷത്തിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com