സിനിമകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സിനിമ കണ്ട് എത്ര നാൾ കഴിഞ്ഞാലും ചില ഡയലോഗുകള്‍ നമ്മള്‍ കൂടെ കൂട്ടാറുണ്ട്. ചിലതൊക്കെ നമ്മൾ നിത്യ ജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്യാറുണ്ട്.
മാസ് ഡയലോഗുകളായിരിക്കും ഇത്തരത്തിൽ കൂടുതലും നമ്മൾ പ്രയോഗിക്കുക. പോയ വര്‍ഷം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച ജനപ്രിയമായ ചില സംഭാഷണങ്ങളിലൂടെ ഒരു യാത്ര.
ആവേശത്തിലെ ഫഹദിന്റെ 'എടാ മോനെ' എന്ന ഡയലോഗ് തന്നെയാണ് ഈ വർഷം ഏറ്റവും കൂടുതൽ ട്രെൻഡായി മാറിയത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. കൊച്ചു കുട്ടികൾ പോലും ഈ ഡയലോഗ് പറഞ്ഞ് നടക്കുന്നത് കാണാം. രംഗണ്ണൻ - അമ്പാൻ കോമ്പോയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ തന്നെ 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ? ശ്രദ്ധിക്കാം അണ്ണാ', 'ഹാപ്പി അല്ലേ' തുടങ്ങിയ ഡയലോഗുകളും ഹിറ്റായി മാറി. ജിത്തു മാധവനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായി മാറി.
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ...' എന്ന ഡയലോഗും തരംഗം തീർത്തു. ഏറെ നാളുകൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ ഒരു തകർപ്പൻ പ്രകടനമായിരുന്നു ചിത്രത്തിലേത്. കോമഡി ടൈമിങ് കൊണ്ടും നിവിൻ ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിവിനെതിരെ ഉയർന്ന ആരോപണം കള്ളമാണെന്ന് തെളിയിച്ച ശേഷം താരത്തെ പ്രശംസിച്ച് പോസ്റ്റിടാൻ വേണ്ടിയും സോഷ്യൽ മീഡിയയിലുൾപ്പെടെ ആരാധകർ ഈ ഡയലോഗ് ഉപയോഗിച്ചിരുന്നു.
പ്രേമലു എന്ന ചിത്രത്തിലെ ശ്യാം മോഹന്റെ 'ജസ്റ്റ് കിഡ്ഡിങ്ങും' ട്രെൻഡായി. നസ്‌ലിൻ, മമിത ബൈജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാജമൗലിയും രംഗത്തെത്തി.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ 'തനിക്ക് പോകാൻ അനുവാദല്ല്യ' എന്ന ഡയലോഗിനും ആരാധകരേറെയാണ്. കൊടുമൺ പോറ്റിയായി മമ്മൂട്ടി അക്ഷരാർഥത്തിൽ പ്രേക്ഷകരെ അതിശയിപ്പിച്ചു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഭ്രമയുഗത്തിൽ എത്തിയിരുന്നുള്ളൂ.
സൂക്ഷ്മദർശിനി എന്ന ചിത്രത്തിലെ സിദ്ധാർഥ് ഭരതന്റെ കഥാപാത്രം ബേസിലിനോട് പറയുന്ന 'ഇറ്റ്സ് നോട്ട് എ കൊണച്ച പ്ലാൻ' എന്ന ഡയലോഗും ഹിറ്റായി മാറി. ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രത്തിൽ സിറ്റുവേഷണൽ കോമഡി അനവധിയുണ്ടായിരുന്നു.
ബോഗയ്ൻവില്ല എന്ന ചിത്രത്തിലെ ജ്യോതിർമയിയുടെ കഥാപാത്രത്തോട് കുഞ്ചാക്കോ ബോബൻ പറയുന്ന 'കുരിശ് വരച്ചിട്ട് കിടന്നോ' എന്ന ഡയലോഗും മലയാളികളിപ്പോൾ പ്രയോഗിച്ച് വരുന്നുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ശ്രദ്ധേയമായ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ 'സുഭാഷേ...', 'കുട്ടേട്ടാ...' എന്നീ വിളികളും കൊച്ചുകുട്ടികൾ പോലും ഏറ്റെടുത്തു. 'ലൂസ് അടിക്കടാ...' എന്ന ചന്തു സലിംകുമാർ പറഞ്ഞ ഡയലോഗും തരംഗമായിരുന്നു. സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക