'ടർബോ'യിലെ കാർ ചെയ്സിങ് രം​ഗം പിറന്നത് ഇങ്ങനെ, ശങ്കർ സാറിന്റെ ആ ഫോൺ കോൾ തീരെ പ്രതീക്ഷിച്ചില്ല; ഷമീർ മുഹമ്മദ് അഭിമുഖം

പക്ഷേ ആ ഒരൊറ്റ കോളിൽ അദ്ദേഹം ഇനി എന്ത് പറഞ്ഞാലും എത്ര തവണ വിളിച്ചാലും പോകാം എന്നൊരു അവസ്ഥയായി
Shameer Muhammed
ഷമീർ മുഹമ്മദ്

ഒൻപത് വർഷങ്ങൾക്ക് മുൻപ് ചാർലി എന്ന ചിത്രത്തിലൂടെ മലയാളികൾ മനസിൽ കുറിച്ചിട്ട പേര് ഷമീർ മുഹമ്മദ്. എഡിറ്റർ ഷമീർ മുഹമ്മദ് എന്ന് ബി​ഗ് സ്ക്രീനിൽ തെളിയുമ്പോൾ തന്നെ എന്തെങ്കിലുമൊരു വിസ്മയം പ്രേക്ഷകരും പ്രതീക്ഷിക്കും. തീർത്തും അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആ ചെറുപ്പക്കാരനിന്ന് ശങ്കറുൾ‌പ്പെടെയുള്ള പ്ര​ഗത്ഭരായ സംവിധായകർക്കൊപ്പം വരെ സിനിമകൾ ചെയ്യുന്നു. മലയാളത്തിലും അന്യഭാഷകളിലുമായി വമ്പൻ ചിത്രങ്ങൾ, എഡിറ്റിങ്ങിനൊപ്പം തന്നെ ജനപ്രിയ സിനിമകൾ നിർമ്മിക്കുന്നു. മമ്മൂട്ടി, വൈശാഖ്, മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലെത്തിയ ടർബോയുടെ വിജയത്തിളക്കത്തിലാണിപ്പോൾ ഷമീർ. ടർബോ, ​ഗെയിം ചെയ്ഞ്ചർ തുടങ്ങിയ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കുവയ്ക്കുകയാണ് ഷമീർ മുഹമ്മദ്.

ടർബോയിലേക്ക്

കഴിഞ്ഞ വർഷം ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് മിഥുനെ അടുത്ത് പരിചയപ്പെടുന്നത്. അങ്ങനെയിരിക്കെ ഒരു ​ദിവസം എനിക്ക് സംവിധാനം ചെയ്യാൻ ഒരു കഥ തരാൻ പറ്റുമോ എന്ന് ‌മിഥുനോട് ചോദിച്ചു. ഞാൻ പുറത്ത് എഴുതി കൊടുക്കാറില്ല, പക്ഷേ നിനക്ക് ഒരുകഥ തരാം എന്നായിരുന്നു മിഥുന്റെ മറുപടി. മോൺസ്റ്ററിന്റെ എഡിറ്റിലാണ് വൈശാഖേട്ടനെ പരിചയപ്പെടുന്നത്. മോൺസ്റ്ററിന് ശേഷം വൈശാഖേട്ടൻ കഥ തിരയുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് മിഥുൻ എനിക്ക് കഥ തരാമെന്ന് പറയുന്നത്.

കുറച്ച് തെലുങ്ക് ചിത്രങ്ങളുടെ വർക്കുള്ളതു കൊണ്ട് എനിക്കെന്തായാലും ഇപ്പോൾ പടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് എന്തെങ്കിലും കഥയുണ്ടെങ്കിൽ വൈശാഖേട്ടനു കൂടി കൊടുക്കാമോ എന്ന് മിഥുനോട് ചോദിച്ചു. അങ്ങനെ മിഥുനെയും വൈശാഖേട്ടനെയും തമ്മിൽ പരിചയപ്പെടുത്തി കാക്കനാട് ഒരു കഫേയിൽ പോയി കഥ പറഞ്ഞു. അത് വൈശാഖേട്ടന് ഇഷ്ടപ്പെട്ടു. ഇത് നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു. അന്ന് ശരിക്കും പൂർണമായുള്ള ഒരു കഥയില്ല. മിഥുനും മറ്റു സിനിമകളുടെ തിരക്കിലായിരുന്നു. പിന്നെ കിട്ടുന്ന ഇടവേളകളിൽ എല്ലാവരും കൂടി ഡിസ്കസ് ചെയ്തും മറ്റും മിഥുൻ കഥയെഴുതി പൂർത്തിയാക്കി, അതാണ് ടർബോ.

മമ്മൂട്ടിക്കമ്പനിയിലേക്ക്

ആദ്യം ഉണ്ടായിരുന്ന കഥ ഇങ്ങനെയായിരുന്നില്ല. അന്ന് അത് പ്ലാൻ ജെ സ്റ്റുഡിയോസ് നിർമ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പിന്നീട് മിഥുൻ കഥ റീ വർക്ക് ഒക്കെ ചെയ്തപ്പോൾ വൈശാഖേട്ടൻ പറഞ്ഞു, ഇത് മമ്മൂക്ക ചെയ്താൽ നന്നായിരിക്കുമെന്ന്. അങ്ങനെ മമ്മൂക്കയോട് പോയി കഥ പറയുകയും അപ്പോൾ തന്നെ അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. മമ്മൂക്ക തന്നെ നിർമ്മിക്കാമെന്നും ഏറ്റു. പിന്നീട് ബജറ്റും വലുതായി, നിർമ്മാണം മമ്മൂട്ടിക്കമ്പനിയിലേക്ക് എത്തി.

റിലീസിന് മുൻപ് വീട്ടിലെത്തി രാജ് ബി ഷെട്ടി

ടർബോ റിലീസിന് രണ്ട് ​ദിവസം മുൻപ് ഞാനും മിഥുനും വീട്ടിൽ ടെൻഷൻ അടിച്ച് ഇരിക്കുവായിരുന്നു. അപ്പോഴാണ് രാജ് ബി ഷെട്ടിയുടെ ഫോൺ കോൾ വരുന്നത്. നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു. അദ്ദേഹം അപ്പോൾ എറണാകുളത്തുണ്ടായിരുന്നു. അന്ന് രാത്രി അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് വന്നു. മിഥുന്റെ കുടുംബവും ഉണ്ടായിരുന്നു. ഒന്നും പേടിക്കണ്ട, ഉറപ്പായിട്ടും ഈ സിനിമ ഓടും. നിങ്ങൾക്ക് ടെൻഷനേ വേണ്ട എന്നൊക്കെ പറഞ്ഞ് കോൺഫിഡൻസ് തന്നിട്ടാണ് അദ്ദേഹം മടങ്ങിയത്.

കാർ ചെയ്സിങ് രം​ഗങ്ങൾ

ഇതിന് മുൻപ് ടർബോയിലുള്ളതു പോലെയുള്ള ആക്ഷൻ രം​ഗങ്ങളോ കാർ ചെയ്സിങ് സീനുകളോ ഞാൻ ചെയ്തിട്ടില്ല. മലയാളത്തിൽ പൊതുവേ കാർ ചെയ്സിങ് സീനുകൾ വരാത്തതിനും പിന്നിലും കാരണമുണ്ട്. ഒന്ന്, കാർ വളരെ പതുക്കെ ഓടിക്കും. രണ്ടാമത് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കും. പിന്നീട് എഡിറ്റ് ചെയ്യുമ്പോൾ ഈ കാറിന് സ്പീഡ് കൂട്ടും. ഇങ്ങനെ സ്പീഡ് കൂട്ടുമ്പോൾ പണ്ടത്തെ ചാർലി ചാപ്ലിന്റെ പടം പോലെ കാർ ഓടും.

അത് നമ്മുക്ക് കാണുമ്പോൾ തന്നെ മനസിലാകും. ഇനി ടർബോയിലേക്ക് വന്നാൽ അതിൽ ഉപയോ​ഗിച്ചിരിക്കുന്ന എല്ലാ കാറുകളും ഓടിക്കാൻ പറ്റുന്ന അവസ്ഥയിലാക്കാൻ രണ്ടാഴ്ച മുന്നേ ചെന്നൈയിലെ വർക്ക് ഷോപ്പിൽ നിന്ന് ആളുകളെത്തി വണ്ടി പണിതു. വണ്ടിയിലിരിക്കുന്ന ആളുകളുടെ സേഫ്റ്റി, ബ്രേക്ക് പിടിക്കുന്ന സമയത്ത് ടയറിന്റെ പൊസിഷൻ കറക്ട് ചെയ്യാനൊക്കെ കുറേ മെക്കാനിസം അവർ ചെയ്തു.

മാത്രമല്ല, കുറേ റെഫറൻസ് എടുത്ത് ചെയ്സിങ് സീൻ ഞങ്ങൾ ഉണ്ടാക്കി നോക്കിയിരുന്നു. മിനിയേച്ചർ കാറുകളൊക്കെ വച്ച് നാലഞ്ച് മിനിറ്റ് ഉണ്ടായിരുന്നു അത്. അതിൽ നമുക്ക് എല്ലാ ഷോട്ടും ഉണ്ട്. പിന്നെ അത് ഷൂട്ട് ചെയ്താൽ മതി. അത്രയും പ്ലാനിങ്ങോടെ ആയിരുന്നു കാര്യങ്ങൾ. കാർ നല്ല സ്പീഡിൽ തന്നെ ഓടിക്കണമെന്നായിരുന്നു തീരുമാനം. കാരണം, കാർ പതുക്കെ ഓടിച്ചിട്ട് സ്പീഡ് കൂട്ടുന്ന പരിപാടിയില്ല. അതിലെ ഓരോ കാറും 100, 140 കിലോ മീറ്റർ സ്പീഡിലാണ് ഓടിയത്.

അതുപോലെ റിവേഴ്സിൽ വന്ന് ഇടിക്കുന്നതൊക്കെ, ലൈവ് ആയി തന്നെ ഇടിക്കുന്നതാണ്. അത്രയും സേഫ്റ്റി സാധനങ്ങൾ വണ്ടിക്കുള്ളിൽ വച്ചിട്ടാണ് അതൊക്കെ ഷൂട്ട് ചെയ്തത്. കോയമ്പത്തൂർ ടൗണിലായിരുന്നു ആ രം​ഗം ഷൂട്ട് ചെയ്തത്. നാല് ദിവസം ആയിരുന്നു ചാർട്ട് ചെയ്തത്. ആദ്യത്തെ ദിവസം വൈകുന്നേരം ആറ് മണിക്ക് ഞങ്ങൾ ഷൂട്ട് ചെയ്യാനെത്തി. അവിടുന്ന് ആളുകളൊക്കെ പോയി ഷൂട്ട് ചെയ്യാൻ പറ്റിയത് വെളുപ്പിന് രണ്ട് മണിക്കാണ്. ആ ലൊക്കേഷനിൽ അന്ന് മാത്രമേ പെർമിഷൻ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വന്ന ഡ്രൈവർമാരെല്ലാം നല്ല എക്സിപീരിയൻസ് ഉള്ളവരായിരുന്ന കൊണ്ട് ഏറെക്കുറേ എല്ലാം വേ​ഗം ചെയ്യാനായി. ലൊക്കേഷനിൽ ഇരുന്നാണ് ആ രം​ഗങ്ങളൊക്കെ എഡിറ്റ് ചെയ്ത് പൂർത്തിയാക്കിയത്.

ഗെയിം ചെയ്ഞ്ചർ

രണ്ടരക്കൊല്ലം മുൻപ് അൻപറിവ് വിളിച്ചിട്ട് ചോദിച്ചു, അന്യഭാഷയിൽ ഒരു വലിയ പടം വന്നാൽ നീ ചെയ്യുമോ എന്ന്. ഞാൻ പറഞ്ഞു, ചെയ്യാം സന്തോഷമേ ഉള്ളൂ. വിളിക്കാം എന്ന് പറഞ്ഞിട്ട് അദ്ദേഹം ഫോൺ വച്ചു. രണ്ട് ദിവസം കഴിഞ്ഞ് വിവരമൊന്നും ഇല്ലാതായപ്പോൾ ഞാൻ തിരിച്ച് വിളിച്ചു. ആ വലിയ പടം എപ്പോൾ വരുമെന്ന് ചോദിച്ചു. എടാ, പറയാം നീ തിരക്കു കൂട്ടണ്ട, നീ വിചാരിക്കുന്ന പോലൊന്നുമല്ല എന്ന് പറഞ്ഞു. പിന്നെയും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും വിളിച്ചു. നീ വിചാരിക്കുന്ന പോലെയല്ല, കുറച്ചു നാൾ ലൊക്കേഷനിലൊക്കെ പോയി നിൽക്കേണ്ടി വരുമെന്ന് അറിയിച്ചു.

കുഴപ്പം ഇല്ല, നല്ല പടം ആണെങ്കിൽ ഞാൻ റെഡിയാണെന്ന് പറഞ്ഞു. അന്നേരമാണ് അറിയുന്നത് ശങ്കറിന്റെ പടമാണെന്ന്. സത്യം പറഞ്ഞാൽ കേട്ടപാതി ഞാൻ തിരിച്ച് അദ്ദേഹത്തോട് ചോദിച്ചു ഏത് ശങ്കറാണെന്ന്. ഇന്ത്യൻ ഒക്കെ ചെയ്ത ശങ്കറാണോയെന്ന്, അത് തന്നെ എന്ന് മറുപടിയും കിട്ടി. പുതിയ ഒരു തെലുങ്ക് സിനിമയുടെ വർക്കാണ്, അതിന്റെ ഫൈറ്റ് സീൻ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും എഡിറ്റർമാരുണ്ടോയെന്ന് അദ്ദേഹം ചോദിച്ചെന്ന് അൻപറിവ് പറഞ്ഞു. പിന്നീട് ഞാൻ ചെയ്ത വർക്കുകളൊക്കെ അവർക്ക് അയച്ചു കൊടുത്തു. കുറച്ചുനാളുകൾക്ക് ശേഷം ഹൈദരാബാദിൽ നിന്ന് വിളി വന്നു. അങ്ങനെ ശങ്കർ സാറിനെ കണ്ടു, കാര്യങ്ങളൊക്കെ സംസാരിച്ചു ആ പടത്തിന്റെ ഭാ​ഗമായി മാറി.

ആ ഫോൺ കോൾ ഒട്ടും പ്രതീക്ഷിച്ചില്ല

​ഗെയിം ചെയ്‍‍ഞ്ചറിൽ ജോയിൻ ചെയ്ത ആദ്യ കാലത്തൊന്നും എന്റെ കൈയ്യിൽ ശങ്കർ സാറിന്റെ നമ്പർ ഉണ്ടായിരുന്നില്ല. ഒരു ദിവസം ഫൈറ്റ് എഡിറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു, ഞാൻ പോയി. ഇവിടുന്ന് ഹൈദരാബാദിലേക്ക് വണ്ടി എടുത്താണ് ഞാൻ പോകുന്നത്. രാവിലെ ആറ് മണിക്ക് ഇറങ്ങിയാൽ രാത്രി 11 മണിയാകും അവിടെ എത്താൻ. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഷൂട്ടിന്റെ തിരക്കും കാര്യങ്ങളുമൊക്കെയായി ശങ്കർ സാറിന് എഡിറ്റിന് വരാനായില്ല. അഞ്ചാമത്തെ ദിവസം എന്നോട് പറഞ്ഞു അടുത്ത ദിവസം ഇരിക്കാമെന്ന്. ഞാനാകെ വിഷമത്തിലായി, ഇത്രയും ദൂരം വന്നത് വെറുതെ ആയിപ്പോയെന്ന് ഭാര്യയോട് വിളിച്ച് പറഞ്ഞു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ഫാൻസി നമ്പറിൽ നിന്ന് ഫോണിലേക്ക് കോൾ വരുന്നത്. ആദ്യം ഞാനെടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ എടുത്തു. ഷമീറല്ലേ എന്ന് ചോദിച്ചു. അതേ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ശങ്കറാണെന്ന് മറുപടി വന്നു. ഞാൻ ചോദിച്ചു, ഏത് ശങ്കർ, ഡയറക്ടർ ശങ്കർ. കുറച്ചു തിരക്ക് ആയിപ്പോയി ഷമീർ സോറി. അതുകൊണ്ടാണ് എഡിറ്റിന് വരാൻ പറ്റാതിരുന്നത് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ ആ കോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുവരെ എനിക്ക് ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ആ ഒരൊറ്റ കോളിൽ അദ്ദേഹം ഇനി എന്ത് പറഞ്ഞാലും എത്ര തവണ വിളിച്ചാലും പോകാം എന്നൊരു അവസ്ഥയായി. കൂടെ നിൽക്കുന്ന ഓരോ ടെക്നീഷ്യൻസിനേയും ഒരുപാട് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.

സൂപ്പർ ഹീറോ സിനിമ

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ആളാണ് ഞാൻ. നാൽപ്പതിലധികം സിനിമകൾ ചെയ്യാനായി. ഇതൊന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല. കഥ കേട്ട് സിനിമ തിരഞ്ഞെടുക്കുന്നുവെന്നൊക്കെ ചിലർ പറയാറുണ്ട്. പക്ഷേ അങ്ങനെ സിനിമ ചെയ്യുന്ന ഒരാളല്ല ഞാൻ. വരുന്ന സിനിമകൾ സ്വീകരിക്കുക, നമ്മുടെ മാക്സിമം ചെയ്യുക. എല്ലാ സിനിമകളും വിജയിക്കും എന്ന് വിചാരിച്ച് ആത്മാർഥതയോടെ ചെയ്യുക എന്ന ലൈനാണ് എന്റേത്.

കരയിറന്റെ തുടക്കക്കാലത്ത് സംവിധായകർക്ക് നമ്മളിൽ വിശ്വാസക്കുറവ് ഉണ്ടാകും. പക്ഷേ അന്നും എനിക്ക് ഉറപ്പുള്ള കാര്യങ്ങളിൽ ഞാൻ വാശി പിടിക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വച്ചാൽ എല്ലാവരും എന്നെ നന്നായി വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും പറയുകയാണെങ്കിൽ ‍പോലും ഞാൻ ഒരു നൂറുവട്ടം ആലോചിക്കും. കാരണം ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കും. ആക്ഷൻ സിനിമകൾ ചെയ്യാനാണ് എനിക്ക് കൂടുതൽ എളുപ്പം. മലയാളത്തിൽ ഒരു സൂപ്പർ ഹീറോ സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്.

ജോമോൻ ടി ജോണും പ്ലാൻ ജെ സ്റ്റുഡിയോസും

‌മൊയ്തിൻ സ്പോട്ട് എഡിറ്റ് ചെയ്യുന്ന സമയത്താണ് ജോമോനെ പരിചയപ്പെടുന്നത്. ആ ലൊക്കേഷനിൽ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. ചാർലിയിലേക്ക് ജോമോനാണ് എന്നെ നിർദേശിക്കുന്നത്. ഇതിനിടയിൽ ഞങ്ങളിങ്ങനെ ഓരോന്നൊക്കെ പ്ലാൻ ചെയ്യുമായിരുന്നു. അങ്ങനെ പ്ലാൻ ഒരുപാട് ആയപ്പോൾ കമ്പനിക്ക് പ്ലാൻ എന്ന് തന്നെ പേരിട്ടു.

പുതിയ പ്രൊജക്ടുകൾ

എഡിറ്റ് പൂർത്തിയായി ഇരിക്കുന്ന സിനിമ ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം ആണ്. മൂന്ന് കാലഘട്ടത്തിലെ മൂന്ന് തരം കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. അതൊരു വെറൈറ്റി മാത്രമല്ല, നന്നായി വരാൻ എല്ലാ സാധ്യതയും ഉള്ള സിനിമയാണ്. ​ഒരുപാട് പ്രതീക്ഷയുണ്ട് എആർഎമ്മിൽ.

ഭാവി പരിപാടി...

ഭാവിയിൽ ചിലപ്പോൾ സംവിധാന രം​ഗത്തേക്ക് കടന്നേക്കാം. പക്ഷേ അഭിനയം എന്തായാലും ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com