'മമ്മൂക്ക ഒരു യൂണിവേഴ്സിറ്റി': വൈശാഖ് അഭിമുഖം

'ഓരോ കാലഘട്ടത്തിലും മമ്മൂക്കയുടെ കൂടെ ഞാൻ സിനിമ ചെയ്തിട്ടുണ്ട്'.
Vysakh
വൈശാഖ്, മമ്മൂട്ടിfacebook

മേക്കിങ് ഫിലിംസ് വിത്ത് ലവ്, ജോയ് ആൻഡ് ക്യാമറ- സംവിധായകൻ വൈശാഖിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിത്. മേക്കിങ് തന്നെയാണ് വൈശാഖെന്ന ഡയറക്ടറുടെ ഐ‌ഡന്റിറ്റിയും. മമ്മൂട്ടിയ്ക്കൊപ്പമുള്ള വൈശാഖിന്റെ മൂന്നാമത്തെ സിനിമ‌, രാജയെ ചേർത്തു പിടിച്ചതുപോലെ ജോസിനേയും മലയാളികൾ യാതൊരു മടിയും കൂടാതെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ടർബോ ഹിറ്റിലേക്ക് കുതിപ്പ് തുടരുമ്പോൾ പുത്തൻ വിശേഷങ്ങളുമായി വൈശാഖ്.

Vysakh
facebook

പ്രേക്ഷകരോടാണ് ആദ്യം നന്ദി പറയാനുള്ളത്

ടർബോ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ട്. എല്ലാ സിനിമകളും ചെയ്യുന്നത് പ്രേക്ഷകർക്കിഷ്ടപ്പെടാനും അതൊരു വലിയ വിജയമാകാനും വേണ്ടിയാണല്ലോ. പ്രേക്ഷകർ അത് ഏറ്റെടുക്കുന്നു എന്നതിൽ കവിഞ്ഞൊരു സന്തോഷം ‌‌സംവിധായകനില്ല. അതിനു വേണ്ടിയിട്ടാണ് ഈ ശ്രമങ്ങളെല്ലാം. അത് വളരെ വളരെ സന്തോഷമുള്ള കാര്യമാണ്. എല്ലാവരോടും നന്ദിയാണ് പറയാനുള്ളത്. സിനിമ കണ്ടവരോടും, വീണ്ടും വീണ്ടും കണ്ടവരോടും എല്ലാം ഒത്തിരി നന്ദി.

താങ്കളുടെ സിനിമകളിൽ മമ്മൂട്ടി ഒരു വിജയ ഘടകമാണോ ?

എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ് മമ്മൂക്ക. മുൻപൊക്കെ പറഞ്ഞിട്ടുള്ളതു പോലെ മമ്മൂക്ക വലിയ എഫേർട്ട് എടുത്തിട്ടുണ്ട് ടർബോയിൽ. പിന്നെ ഇതെല്ലാം സാഹചര്യങ്ങൾ ഒത്തു വരുന്നതാണ്. മാത്രമല്ല ഒരുപാട് പേരുടെ ശ്രമങ്ങളും ഉണ്ട്. ഒരു നല്ല കഥയുണ്ടാകുന്നു, അതിന്റെ ഭാ​ഗമാകുന്ന ടെക്നീഷ്യൻസ് എല്ലാം കൂടി ചേർന്ന് അതൊരു പോസിറ്റീവിലേക്ക് എത്തുമ്പോഴാണ് ഹിറ്റുകൾ ഉണ്ടാകുന്നത്. പിന്നെ മമ്മൂക്കയുടെ കൂടെ ചെയ്ത എല്ലാ സിനിമകളും വിജയിച്ചു എന്ന് പറയുന്നത് ഒരു ഭാ​ഗ്യമാണ്.

മമ്മൂക്കയുടെ കൂടെയുള്ള എല്ലാ അനുഭവങ്ങളും എനിക്ക് മറക്കാൻ പറ്റാത്തതാണ്. ഒരു യൂണിവേഴ്സിറ്റിയിൽ പോകുന്നതു പോലെയാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്. ഓരോ കാലഘട്ടത്തിലും മമ്മൂക്കയുടെ കൂടെ ഞാൻ സിനിമ ചെയ്തിട്ടുണ്ട്. ഓരോ തവണ മമ്മൂക്കയുടെ അടുത്തേക്ക് പോകുമ്പോഴും വളരെ അപ്ഡേറ്റഡ് ആയൊരു യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത് പോലെയാണ്. മമ്മൂക്ക എപ്പോഴും കാലാനുസൃതമായ മാറ്റങ്ങളും പ്രശ്നങ്ങളുമൊക്കെയായി പുതിയ കാലഘട്ടത്തിന് അനുയോജ്യമായി നിൽക്കുന്ന ഒരാളാണ്.

അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സ്വഭാവികമായും അവിടെ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പിന്നെ അദ്ദേഹത്തിന് എന്നോട് കുറച്ച് വാത്സല്യ കൂടുതലുള്ളതു കൊണ്ട്, അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും നല്ല ഓർമ്മകളാണ്. അതിനെ ഞാൻ ഭാ​ഗ്യമായിട്ടാണ് കരുതുന്നത്.

Raj B. Shetty
facebook

രാജ് ബി ഷെട്ടി എന്ന നടനിലേക്ക് എത്തിയത് എങ്ങനെ ?

ടർബോയിൽ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന കഥാപാത്രം നല്ല പെർഫോമൻസ് ഡിമാൻഡ് ചെയ്യുന്ന കഥാപാത്രമായിരുന്നു. നല്ലൊരു പെർഫോമർക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണത്. മിഥുനൊക്കെ ആ കഥാപാത്രം നല്ലൊരു നടനെ കൊണ്ടു തന്നെ ചെയ്യിക്കണമെന്ന് വളരെ നിർബന്ധമുണ്ടായിരുന്നു. ആരെക്കൊണ്ട് ചെയ്യിച്ചാൽ ആ കഥാപാത്രം നന്നാകുമെന്ന് ഞങ്ങൾ ഒരുപാട് അന്വേഷിച്ചു.

അങ്ങനെയാണ് രാജ് ബി ഷെട്ടിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ​ഗരുഡ ​ഗമന വൃഷഭ വാഹനയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ അദ്ദേഹത്തിന് ഈ കഥാപാത്രം ചെയ്യാനാകുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് രാജ് ബി ഷെട്ടിയെ സമീപിക്കുന്നത്. രാജ് ബി ഷെട്ടിയെന്ന ഒറ്റ ഓപ്ഷൻ മാത്രമേ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന കഥാപാത്രത്തിനായി ചിന്തിച്ചിരുന്നുള്ളൂ. അദ്ദേഹം ഒരു നല്ല നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാനും വളരെ കംഫർട്ടബിൾ ആയിരുന്നു.

ടർബോ രണ്ടാം ഭാ​ഗം ?

ടർബോ രണ്ടാം ഭാ​ഗത്തിന് സാധ്യത ഉള്ളതു കൊണ്ടാണ് അത് അങ്ങനെ നിർത്തിയത്. ജോസ് എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ ഇനിയും തീരുന്നില്ല എന്നൊരു പോയിന്റിലാണ് അത് നിർത്തിയിരിക്കുന്നത്. ഇനിയും കുറച്ചധികം പ്രശ്നങ്ങൾ ജോസിന് നേരിടാനുണ്ട്. അങ്ങനെയൊരു ഭാ​ഗം ഉണ്ടാകണമെന്ന് ആ​ഗ്രഹമുണ്ട്, അതിനുള്ള ഭാ​ഗ്യമുണ്ടാകട്ടെ. ജനങ്ങൾ അനു​ഗ്രഹിക്കുമ്പോൾ ആണെല്ലോ ഇതെല്ലാം ഉണ്ടാകുന്നത്.

Vysakh
facebook

വൈശാഖ് സിനിമാറ്റിക് യൂണിവേഴ്സ് പ്രതീക്ഷിക്കാമോ ?

ഒരു സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ സിനിമയും ഓരോ സിനിമകളായി തന്നെയാണ് കാണുന്നത്. എല്ലാ സിനിമകളും നന്നായി വരണമെന്ന പ്രതീക്ഷയിൽ ഓരോ സിനിമകളും, ഓരോന്നായി തന്നെ ചെയ്യുന്നു. ഭാ​ഗ്യം കൊണ്ട് വലിയ താരങ്ങളുടെ സിനിമകൾ ചെയ്യാൻ കഴിയുന്നു. അത് നമ്മുക്കും ഒരു ​ഗുണമാണ്. വലിയ ബജറ്റ് കിട്ടും, നന്നായി ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ കിട്ടും, അവരുടെ ജനപിന്തുണ പ്രേക്ഷകരിലേക്ക് എത്തിപ്പെടാനുള്ള സൗകര്യമുണ്ടാക്കും, എല്ലാം കൊണ്ടും അതൊരു അനു​ഗ്രഹമാണ്.

പ്ലാൻ ചെയ്തിരിക്കുന്ന സിനിമകളിലെല്ലാം താരങ്ങൾ ഉണ്ടെന്ന് മാത്രമേയുള്ളൂ. അല്ലാതെ ഒരു യൂണിവേഴ്സ് പോലെയൊന്നും ചിന്തിച്ചിട്ടില്ല. പിന്നെയൊരു ബി​ഗ് ബജറ്റ് സിനിമ ചെയ്യുമ്പോൾ ആ പൈസ തിരിച്ചു വരുന്നത് വരെ വലിയ ടെൻഷനാണ്. പിന്നെ ജനങ്ങളുടെ പ്രതീക്ഷയും വളരെ വലുതായിരിക്കും. അത് നിറവേറുന്നതു വരെ വലിയ ടെൻഷനായിരിക്കും.

ടർബോയിൽ ജോസിന് രണ്ട് ഇൻട്രോ സീൻ കൊടുത്തതിന് പിന്നിൽ ?

ആക്ഷൻ സിനിമകളിൽ ക്യാരക്ടർ ഇൻട്രോ ഒരു പ്രധാന ഘടകമാണ്. പക്ഷേ ടർബോയിൽ അങ്ങനെയല്ല കുറച്ച് വ്യത്യാസമായിട്ടാണ് ചെയ്തിരിക്കുന്നത്. വളരെ നോർമൽ ആയിട്ടാണ് ടർബോയിലെ മമ്മൂക്കയുടെ ഇൻട്രോ സീൻ. അത് ശരിക്കും ജോസെന്ന കഥാപാത്രത്തെ പരിചയപ്പെടുത്താൻ വേണ്ടിയിട്ടാണ്. ഒരു സാധാരണക്കാരനാണ് ജോസ്. അതുകൊണ്ടാണ് അയാൾക്ക് അങ്ങനെയൊരു ഇൻട്രോ പ്ലാൻ ചെയ്തത്. പിന്നെ അടിക്കുന്ന ഒരാൾ ആയതുകൊണ്ട് ആക്ഷനിലേക്ക് വരാൻ പിന്നീട് മറ്റൊരു ഇൻട്രോ കൂടി ചേർത്തു.

ലാലേട്ടനൊപ്പം എന്നാണ് അടുത്ത സിനിമ ?

ലാലേട്ടന് വച്ച് ഒരു പ്രൊജക്ട് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എല്ലാം ഒത്തുവരുകയാണെങ്കിൽ, ലാലേട്ടൻ ഡേറ്റ് തരുകയാണെങ്കിൽ അത് ചെയ്യും.

ഖലീഫയെക്കുറിച്ച്

പൃഥ്വിരാജിനൊപ്പം ഖലീഫയാണ് പുതിയ പ്രൊജക്ട്. പൃഥ്വിയുടെ തിരക്കുകൾ കഴിയുമ്പോൾ ആ സിനിമയുടെ പണിപ്പുരയിലേക്ക് കയറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com