Ullozhukku
ഉള്ളൊഴുക്ക്Facebook

ഉള്ളിൽ കൊള്ളും ഈ 'ഉള്ളൊഴുക്ക്'

സിനിമയുടെ മേക്കിംഗ് തന്നെയാണ് പ്രധാന ഹൈലൈറ്റ്.
ഇത് ലീലാമ്മയുടേയും അഞ്ജുവിന്റെയും മാത്രം കഥയല്ല! (3.5 / 5)

ഉള്ളുലയ്ക്കുന്ന ഉൾക്കാഴ്ചകളാണ് ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ഉള്ളൊഴുക്ക് പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്നു വയ്ക്കുന്നത്. ക്രിസ്റ്റോ ടോമി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പേരു പോലെ തന്നെ പ്രേക്ഷകരുടെ ഉള്ളിലൂടെ അങ്ങനെ ഒഴുകുകയാണ്.

കുട്ടനാട്ടിലെ ഒരു ​സാധാരണകുടുംബത്തിലെ രണ്ട് പേരുടെ വിവാഹ ബന്ധം തുടങ്ങുന്നിടത്തു നിന്നാണ് ഉള്ളൊഴുക്കിന്റെ ആരംഭം. പാർവതി അവതരിപ്പിക്കുന്ന അഞ്ജു എന്ന കഥാപാത്രവും പ്രശാന്ത് മുരളിയുടെ തോമസുക്കുട്ടി എന്ന കഥാപാത്രവും വിവാ‌ഹിതരാവുകയാണ്. തോമസുക്കുട്ടിയുടെ അമ്മ ലീലാമ്മയായി ഉർവശിയുമെത്തുന്നു.

കണ്ടു ശീലിച്ച ഒരമ്മായിമ്മയോ മരുമകളോ അല്ല ലീലാമ്മയും അഞ്ജുവും. രണ്ട് കാലഘട്ടങ്ങളിലെ സ്ത്രീകളെ വളരെ വ്യക്തമായി മനസിലാക്കാനാകും ഈ രണ്ട് സ്ത്രീകളിലും. മെഡിസിന് പോകണമെന്ന് ആ​ഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ ഇഷ്ടത്തിന് 19-ാം വയസിൽ വിവാഹിതയാകേണ്ടി വന്ന സ്ത്രീയാണ് ലീലാമ്മ. ഭർത്താവിനും മക്കൾക്കും വേണ്ടി തന്റെ ആ​ഗ്രഹങ്ങളും ജീവിതവുമെല്ലാം ഹോമിച്ച ഒരാൾ. അങ്ങനെയുള്ള നിരവധി മുഖങ്ങൾ നമ്മുക്ക് ചുറ്റുമുണ്ടാകും. അത്തരക്കാരുടെ പ്രതിനിധിയെന്ന് ലീലാമ്മയെ കുറിച്ച് പറയാം.

എന്നാൽ അഞ്ജു നേരെ മറിച്ചാണ്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള തന്റേതായ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട് അഞ്ജുവിന്. എന്നിട്ടു പോലും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമല്ലാത്ത ഒരു വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വരുകയാണ് അവൾക്ക്. ഒരു മഴക്കാലത്ത് തോമസുക്കുട്ടി അപ്രതീക്ഷിതമായി മരണപ്പെടുന്നതോടെ അതിസങ്കീർണമായ പല സാഹചര്യങ്ങളിലൂടെയും അഞ്ജുവിനും ലീലാമ്മയ്ക്കും കടന്നു പോകേണ്ടി വരുന്നു.

സ്നേഹം, വിശ്വാസം എന്നതിനപ്പുറം ഓരോ മനുഷ്യർക്കും തന്റേതായ ശരിയും തെറ്റും ഉണ്ടാകുമെന്ന് ഒരോ സംഭാഷണങ്ങളിലും അടിവരയിട്ട് പറയുന്നുണ്ട് ചിത്രം. ഉർവശിയുടെ അതി​ഗംഭീര പ്രകടനം തന്നെയാണ് ഉള്ളൊഴുക്കിന്റെ നട്ടെല്ല് എന്ന് പറയുന്നത്. ലീലാമ്മയെന്ന കഥാപാത്രം തീർച്ചയായും ഉർവശിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പാർവതി, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, ജയ കുറുപ്പ് തുടങ്ങിയവരുടെ പ്രകടനവും പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങി. സിനിമയുടെ മേക്കിംഗ് തന്നെയാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. അഭിനയത്തിനും സംഭാഷണത്തിനും

മാത്രമല്ല, സിനിമയിലെ പലയിടങ്ങളിലേയും നിശബ്ദതയ്ക്ക് വരെ ഏറെ പ്രാധാന്യമുണ്ട്. കുട്ടനാട്ടിലെ മഴയും വെള്ളപ്പൊക്കവും ഒരു നാടിനെ തന്നെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഒരു ചെറിയ സംഭവത്തിലൂടെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ക്രിസ്റ്റോ ടോമിയ്ക്കായി. സിനിമ ആദ്യം മുതൽ അവസാനം വരെ ഒരിടത്തും പ്രേക്ഷകന് മടുപ്പ് തോന്നാതിരിക്കാൻ തിരക്കഥയൊരുക്കുന്നതിലും സംവിധായകൻ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്ന് സുഷിൻ ശ്യാമിന്റെ സം​ഗീതമാണ്.

ഒരു കഥാപാത്രം പോലെ തന്നെ ഫീൽ ചെയ്യും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സം​ഗീതം. അത്രയേറെ സിനിമയോട് ചേർന്നു നിന്നു അത്. മറ്റൊന്ന് ഛായാ​ഗ്രഹണമാണ്. സിനിമയിലെ ഓരോ ഫ്രെയിമും പ്രേക്ഷകന്റെ ഉള്ളിലേക്ക് പതിപ്പിക്കാൻ ഛായാ​ഗ്രഹകൻ ഷെഹ്‌നാദ് ജലാലിനായി. കുട്ടനാടിന്റെ പല ഭാവങ്ങളും അതിമനോഹരമായി തന്നെയാണ് ഷെഹ്‌നാദ് ഒപ്പിയെടുത്തിരിക്കുന്നത്. പ്രത്യേകിച്ച് പാർവതിയുടേയും ഉർവശിയുടേയുമൊക്കെ ക്ലോസപ്പ് ഷോട്ടുകൾ മായാതെ മനസിൽ തന്നെ നിൽക്കും. ചിത്രത്തിന്റെ ക്ലൈമാക്സും എടുത്തു പറയേണ്ടതാണ്. ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ മനസിലാക്കാൻ കഴിയുന്നുവെന്നത് അതിമനോഹരമായി ചിത്രം കാണിച്ചു തരുന്നുണ്ട്.

റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബേ എന്നിവർ ചേർന്ന് ആർഎസ്‌വിപിയുടേയും മക്​ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുൻപ് പറഞ്ഞതു പോലെ ശരിയും തെറ്റും എല്ലാവരിലുമുണ്ടാകും. ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനം ശരിയായിക്കൊള്ളണമെന്നില്ല.

അത് തിരിച്ചറിയുന്നിടത്തു നിന്നാണ് നമ്മുടെ പുതിയ ജീവിതം ആരംഭിക്കുന്നത്. തെറ്റുകളെ ന്യായീകരിക്കുന്നതിലല്ല മറിച്ച് അതിനെ അം​ഗീകരിക്കുന്നതാണ് ശരിയെന്ന് കാണിച്ചു തരുന്നുണ്ട് അഞ്ജു. സ്നേഹം, മനുഷ്യത്വം, ക്ഷമ, വിശ്വാസം തുടങ്ങി പലതും ഉള്ളൊഴുക്കിൽ കടന്നു വരുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോഴും ലീലാമ്മയും അഞ്ജുവും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com