Road movies
റോഡ് മൂവികൾ

ഈ സിനിമകൾ കണ്ടാൽ ഉറപ്പായും നിങ്ങൾക്കൊരു ട്രിപ്പ് പോകാൻ തോന്നും

മലയാള സിനിമയിൽ റോഡ് മൂവികൾ ഒരുപാട് വന്നിട്ടില്ലെങ്കിലും ഈ അടുത്ത കാലത്തായി ഇത്തരം സിനിമകളും പ്രേക്ഷകരെ തേടിയെത്തി.

യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഓരോ യാത്രയും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. കാണാത്ത സ്ഥലങ്ങൾ കാണാനും അറിയാത്ത കാര്യങ്ങൾ കണ്ടെത്താനുമുള്ള അടങ്ങാത്ത ആ​ഗ്രഹമാണ് ഓരോ യാത്രയ്ക്കും സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. ഇനിയിപ്പോൾ യാത്ര ചെയ്തില്ലെങ്കിൽ കൂടി ചില സിനിമകൾ കാണുമ്പോൾ ആ സിനിമയിൽ കാണിച്ചിരിക്കുന്നതു പോലെ ഒരു യാത്ര പോയാലോ എന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകും.

ആ കഥാപാത്രങ്ങൾ സഞ്ചരിച്ച വഴികളിലൂടെ പിന്നിട്ട ദൂരങ്ങളിലൂടെ ഒന്ന് പോകാൻ പറ്റിയിരുന്നങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു ട്രിപ്പ് പോയാലോ എന്ന് തോന്നിപ്പിച്ച മലയാളത്തിലെ ചില റോഡ് മൂവികൾ പരിചയപ്പെട്ടാലോ. മലയാള സിനിമയിൽ റോഡ് മൂവികൾ ഒരുപാട് വന്നിട്ടില്ലെങ്കിലും ഈ അടുത്ത കാലത്തായി ഇത്തരം സിനിമകളും പ്രേക്ഷകരെ തേടിയെത്തി. മലയാളികളുടെ മനം കവർന്ന റോഡ് മൂവികളിലൂടെ...

1. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

Neelakasham Pachakadal Chuvanna Bhoomi
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

ദുൽഖർ സൽമാൻ നായകനായെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ആണ് റോഡ് മൂവി വിഭാ​ഗത്തിൽ മലയാളികളുടെ ടോപ് ലിസ്റ്റിലുള്ളത്. 2013 ൽ പുറത്തിറങ്ങിയ ചിത്രം കാസി എന്ന യുവാവ് തൻ്റെ കാമുകിയെ തേടി കേരളത്തിൽ നിന്ന് നാഗാലാൻഡിലേക്ക് റോഡ് ട്രിപ്പ് നടത്തുന്ന കഥയാണ് പറയുന്നത്. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹാഷിർ മുഹമ്മദാണ്. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ​ഗിരീഷ് ​ഗം​ഗാധരനായിരുന്നു ചിത്രത്തിന് ഛായാ​ഗ്രഹണം ഒരുക്കിയത്.

2. റാണി പത്മിനി

Rani Padmini
റാണി പത്മിനി

അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. റിമ കല്ലിങ്കലും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഒരു റോഡ് മൂവിയുടെ എല്ലാ ഘടകങ്ങളും സസ്പെൻസും ചിത്രത്തിലുണ്ട്. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.

3. നോർത്ത് 24 കാതം

North 24 Kaatham
നോർത്ത് 24 കാതം

അനിൽ രാധാകൃഷ്ണൻ മേനോൻ രചനയും സംവിധാനവും നിർവഹിച്ച് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണിത്. ഫഹദ് ഫാസിൽ, നെടുമുടി വേണു, സ്വാതി റെഡി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ജയേഷ് നായർ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹം ഒരുക്കിയിരിക്കുന്നത്.

4. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

Kilometers and Kilometers
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

ടൊവിനോ തോമസ് നായകനായ ഈ സിനിമ കണ്ടാൽ എവിടെയങ്കിലും ഒന്ന് കറങ്ങി വരാൻ നിങ്ങളെ പ്രേരിപ്പിക്കും. ടൊവിനോയുടെ കഥാപാത്രമായ ജോസ്‌മോനും അദ്ദേഹത്തിൻ്റെ ബുള്ളറ്റും തമ്മിലുള്ള വൈകാരിക ബന്ധം സംവിധായകൻ ജിയോ ബേബി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് മിക്ക യുവാക്കൾക്കും റിലേറ്റ് ചെയ്യാവുന്നതാണ്. സിനു സിദ്ധാർഥ് ആണ് ഛായാ​ഗ്രഹണം.

5. ചാർലി

Charlie
ചാർലി

മീശപ്പുലിമലയെ മലയാളികൾക്കിടയിൽ സൂപ്പർ ഹിറ്റാക്കിയ ചിത്രമായിരുന്നു ചാർലി. ദുൽഖർ നായകനായെത്തിയ ചിത്രം റിലീസ് ചെയ്തതിന് ശേഷം മീശപ്പുലിമലയിലേക്ക് സഞ്ചാരികൾ ഓടിയെത്തി. പിന്നീട് മാസങ്ങളോളം ഈ സ്ഥലം വിനോദസഞ്ചാരികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ദുൽഖർ സൽമാൻ്റെ ചാർലിയിലെ ഐക്കണിക് ഡയലോഗ് ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി ജോണാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com