കാനില്‍ ചര്‍ച്ചയായി കനി കുസൃതിയുടെ കൈയിലെ ബാഗ്; തണ്ണിമത്തനും പലസ്തീനും തമ്മിലെന്ത്?

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്.
Kani kusruthi
കനി കുസൃതിഎക്സ്

കാന്‍ ചലച്ചിത്രോത്സവത്തില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് കനി കുസൃതിയുടെ ബാഗിനെക്കുറിച്ചാണ്. കൊച്ചു കേരളത്തില്‍ നിന്നും ലോകത്തിന്റെ മുന്നില്‍ നിലപാട് വ്യക്തമാക്കിയാണ് 'തണ്ണിമത്തന്‍' ബാഗുമായി കനി കുസൃതി എത്തിയത്. അതിലുപരി കനി കൈയില്‍ പിടിച്ച ബാഗാണ് ലോകത്തിന്റെ ശ്രദ്ധ കവര്‍ന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.

Kani kusruthi
വ്യാജ ​ഗർഭമെന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് മറുപടിയുമായി ദീപിക പദുക്കോൺ

ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്ന വേദിയില്‍ മലയാളിയുടെ നിലപാട് പറയാന്‍ കനി കാണിച്ച ധൈര്യത്തിന് സോഷ്യല്‍ മീഡിയലോകം ഒന്നടങ്കമാണ് കൈയടിച്ചത്. തണ്ണീര്‍മത്തന്‍ എങ്ങനെയാണ് പലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന്റെ അടയാളമാകുന്നതെന്നാണ് ചിലരുടെ സംശയം.

പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് തണ്ണിമത്തന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി ലോകമെങ്ങും നിറയുന്നത്. തണ്ണിമത്തന്‍ പലസ്തീന്‍ പ്രതിരോധത്തിന്റെ അടയാളമായി സ്വീകരിക്കാന്‍ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും അതിന്റെ പിന്നില്‍ പറയുന്ന ചരിത്രം ഇപ്രകാരമാണ്. അറബ്-ഇസ്രയേല്‍ യുദ്ധത്തിന് ശേഷം 1967 മുതല്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പലസ്തീന്‍ പതാകയ്ക്ക് നിരോധനമേര്‍പ്പെടുത്തി. പതാകയോ അതിലെ നിറങ്ങള്‍ക്ക് സമാനമായോ വസ്തുക്കളോ പ്രദര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വര്‍ഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിന്‍വലിച്ചത്. എന്നാല്‍ പോയവര്‍ഷം വീണ്ടും പൊതുവിടങ്ങളില്‍ പലസ്തീന്‍ പതാകകള്‍ക്ക് നിരോധനമേര്‍പ്പെടുത്തികൊണ്ട് ഇസ്രയേല്‍ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു. 1980 കളില്‍ തന്റെ ആര്‍ട്ട് ഗാലറിയില്‍ സെന്‍സര്‍ഷിപ്പിനെത്തിയ ഇസ്രയേല്‍ പട്ടാളക്കാരാണ് തണ്ണിമത്തന്‍ പ്രതിരോധ അടയാളമായിമാറ്റിയതെന്നാണ് പലസ്തീന്‍ ചിത്രകാരനായ സ്ലിമന്‍ മന്‍സൂര്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരിക്കല്‍ സ്ലിമന്റെ ആര്‍ട്ട് ഗാലറി പരിശോധിക്കാന്‍ ഇസ്രയേല്‍ പട്ടാളക്കാര്‍ എത്തി. പലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഗാലറിയില്‍ നിന്ന് പട്ടാളക്കാര്‍ പിടിച്ചെടുത്തു. ശേഷം ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രം മാത്രം താങ്കള്‍ വരച്ചാല്‍ മതിയെന്നും അത്തരം ചിത്രങ്ങള്‍ നല്ല വില നല്‍കി ഞങ്ങള്‍ വാങ്ങിക്കാം എന്നും പട്ടാളക്കാര്‍ ഉപദേശിക്കുന്നു. അനുമതി നേടാതെ ഇനി ഒരിക്കലും സ്ലിമാന് ചിത്രപ്രദര്‍ശനം നടത്താനാകില്ലെന്നും പട്ടാളക്കാര്‍ പറഞ്ഞു. പലസ്തീന്‍ പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്ന് ആജ്ഞാപിച്ചു. അന്ന് സ്ലിമാനൊപ്പം അവിടെയുണ്ടായിരുന്നു ഇസാം ബദര്‍ എന്ന ചിത്രകാരന്‍ അപ്പോള്‍ പട്ടാളക്കാരോട് ഇങ്ങനെ ചോദിച്ചു ' ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ ഉപയോഗിച്ച് ഞാന്‍ പൂക്കളെ വരച്ചാല്‍ നിങ്ങളെന്ത് ചെയ്യും..?..''

' ആ നിറങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണീര്‍മത്തന്റെ ചിത്രമായാല്‍ പോലും..'പട്ടാളസംഘത്തലവന്റെ മറുപടി ഇപ്രകാരമായിരുന്നു.

ഈ സംഭവം പുറംലോകത്തെത്തിയതോടെ സ്ലിമാന് പിന്തുണയുമായി നിരവധി ചിത്രകാരന്മാര്‍ രംഗത്തെത്തി. നിരോധിത നിറങ്ങള്‍ ഉപയോഗിച്ച് മാത്രം അവര്‍ ചിത്രങ്ങള്‍ വരച്ചു. തണ്ണിമത്തന്‍ ചിത്രങ്ങള്‍ ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരുവര്‍ഷത്തിന് ശേഷം പട്ടാളക്കാര്‍ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നല്‍കാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് സ്ലിമാന്‍ തണ്ണിമത്തന്റെ ചിത്രങ്ങളും മറ്റ് രാഷ്ട്രീയ ചിത്രങ്ങളും വരയ്ക്കാന്‍ ആരംഭിച്ചത്. സ്ലിമാന്റെ കഥ അറിഞ്ഞ ലോകത്തെ പ്രമുഖ ചിത്രകാരമാര്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ചിത്രങ്ങള്‍ വരച്ചു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി. അങ്ങനെയാണ് തണ്ണിമത്തന്‍ പലസ്തീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിന്റെ ചരിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com