Thalavan
തലവൻfacebook

ഈ​ഗോ ക്ലാഷിൽ നിന്ന് സസ്പെൻസ് ത്രില്ലറായി 'തലവൻ'; റിവ്യൂ

ആദ്യം മുതൽ അവസാനം വരെ ഒരു സസ്പെൻസിലൂടെയാണ് സിനിമ പ്രേക്ഷകനെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ചെപ്പനംകോട്ട കൊലക്കേസിന്റെ ചുരുളഴിച്ച് 'തലവൻ'(3 / 5)

ജിസ് ജോയ്, ബിജു മേനോൻ, ആസിഫ് അലി കൂട്ടുകെട്ടിന്റെ ഇൻവസ്റ്റി​ഗേഷൻ ക്രൈം ത്രില്ലറായെത്തിയ ചിത്രം ആദ്യാവസാനം വരെ ആ ​ടാഗ്‌ലൈനോട് പൂർണമായും നീതി പുലർത്തി എന്ന് തന്നെ പറയാം. കാർത്തിക് എന്ന കഥാപാത്രമായി ആസിഫും ജയശങ്കറായി ബിജു മേനോനുമെത്തുന്നു. രണ്ടേകാൽ മണിക്കൂറോളം പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് സിനിമ സഞ്ചരിക്കുന്നത്.

ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഡിവൈഎസ്പി ഉദയഭാനുവിന്റെ നറേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വിവാ​ദമായ ചെപ്പനംകോട്ട കൊലക്കേസിനേക്കുറിച്ചും അതിന്റെ അന്വേഷണത്തേക്കുറിച്ചും ഉദയഭാനു ചാനലിലൂടെ പങ്കുവയ്ക്കുന്നതിലൂടെ കഥ തുടങ്ങുന്നു. ആദ്യം മുതൽ അവസാനം വരെ ഒരു സസ്പെൻസിലൂടെയാണ് സിനിമ പ്രേക്ഷകനെ മുന്നോട്ട് കൊണ്ടുപോകുന്നത്.

എന്തിനേയും ചോദ്യം ചെയ്യുന്ന മേലുദ്യോ​ഗസ്ഥരുടെ ഇഷ്ടങ്ങൾക്കൊന്നും നിന്നു കൊടുക്കാത്ത പൊലീസുകാരനാണ് കാർത്തിക്. അതുകൊണ്ട് തന്നെ ഒന്നര വർഷത്തിനിടയിലെ അഞ്ചാമത്തെ ട്രാൻസ്ഫറുമായാറാണ് അയാൾ സിഐ ജയശങ്കറിന് മുന്നിലേക്കെത്തുന്നത്. ജയശങ്കറാകട്ടെ താൻ ചെയ്യുന്ന എല്ലാ കാര്യത്തിനും തന്റേതായ ശരികളുള്ള വളരെ പരുക്കനായ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ്. ചാർജെടുക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ ജയശങ്കറിന് തലവേദനയായി മാറുന്നുണ്ട് കാർത്തിക്.

വൈകാതെ തന്നെ ഒരു സ്ത്രീ കൊല്ലപ്പെടുകയും അതിന്റേ പേരിൽ ജയശങ്കർ ജയിലാവുകയും ചെയ്യുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ജയശങ്കറും കാർത്തിക്കും ചേർന്ന് ചെപ്പനംകോട്ട കേസ് അന്വേഷിക്കാനിറങ്ങുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നിനു പുറകേ ഒന്നായി നടക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് ജയശങ്കറും കാർത്തിക്കും ചേർന്ന്.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് ആസിഫ് - ബിജു മേനോൻ കെമിസ്ട്രി തന്നെയാണ്. പലയിടങ്ങളിലും ബിജു മേനോനൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ആസിഫിനായിട്ടുണ്ട്. ആസിഫിന്റെയും ബിജു മേനോന്റെയും തുടക്കം മുതലുള്ള പഞ്ച് ഡയലോ​ഗുകളും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

തുടക്കത്തിൽ ശത്രുക്കളേ പോലെയാണ് പെരുമാറിയിരുന്നതെങ്കിലും സിനിമയുടെ രണ്ടാം പകുതി എത്തുമ്പോഴേക്കും ട്രെയ്‌ലറിൽ കണ്ടപോലെ ഇരട്ട പെറ്റതാണെന്നേ പ്രേക്ഷകർക്കും തോന്നുകയുള്ളൂ. അടുത്ത കാലത്തായി ആസിഫ് ചെയ്ത മികച്ച വേഷങ്ങളിൽ ഒന്നു കൂടിയായിരിക്കും ഇത്. നിരവധി കഥാപാത്രങ്ങൾ ആദ്യം മുതൽ അവസാനം വരെ കടന്നുവരുന്നുണ്ട്. മിയ, അനുശ്രീ, കോട്ടയം നസീർ, വില്ലനായെത്തിയ കഥാപാത്രമൊക്കെ അവരവരുടെ ഭാ​ഗങ്ങൾ മികവുറ്റതാക്കി. ചില കഥാപാത്രങ്ങളൊക്കെ ഒഴിവാക്കാമായിരുന്നുവെന്നും തോന്നി.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയിലുള്ള വലിച്ചു നീട്ടൽ ചെറിയ രീതിയിൽ സിനിമ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. അടുത്തത് ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നൊരു തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കാൻ സംവിധായകനും കൂട്ടർക്കുമായി. ഇയാളായിരിക്കും കൊലപാതകിയെന്ന് പ്രേക്ഷകനെ കൊണ്ട് നൂറ് ശതമാനവും വിശ്വസിപ്പിക്കുകയും, എന്നാൽ അയാളല്ല ശരിക്കും കുറ്റവാളിയെന്ന് തെളിയിക്കാനും സംവിധായകനായി.

ക്രൈം ത്രില്ലർ അവതരിപ്പിച്ചതിൽ ജിസ് ജോയ് ഒരുപരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. പതിവ് ജിസ് ജോയ് ചിത്രം പോലെ ഫീൽ ​ഗുഡ് മോഡിൽ അല്ല തലവൻ മുന്നോട്ട് പോകുന്നത്. തുടക്കം മുതൽ അവസാനം വരെ ആ ഡാർക്ക് മോഡ് നിലനിർത്തുന്നതിൽ സംവിധായകൻ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശരൺ വേലായുധന്റെ ഛായാ​ഗ്രഹണവും ദീപക് ദേവിന്റെ പശ്ചാത്തല സം​ഗീതവും സിനിമയ്ക്ക് കൂടുതൽ പൂർണത നൽകിയിട്ടുണ്ട്. ആക്ഷൻ രം​ഗങ്ങളിലൊക്കെ കൃത്യമായി തന്നെ പശ്ചാത്തല സം​ഗീതം വർക്കായിട്ടുണ്ട്. ആദ്യമധ്യാന്തം വരെ ത്രില്ലർ മോഡ് പിടിച്ച് നിർത്താൻ പശ്ചാത്തല സം​ഗീതം സഹായകമായി എന്ന് പറയാം.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍,സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ഥിരം കാണുന്ന ഒരു ക്ലീഷേ ക്രൈം ത്രില്ലർ കഥയല്ല തലവന്റേത് എന്നതു കൊണ്ട് തന്നെ സിനിമ പ്രേക്ഷകർക്ക് കണ്ടിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com