കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് സമ്മാനവുമായി എംപുരാന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. അടുത്ത വർഷം മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 'എംപുരാൻ' എത്തും. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. വെള്ള വസ്ത്രമിട്ട ഒരാൾ തിരിഞ്ഞു നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്.
അയാളുടെ പിന്നിൽ ഒരു ഡ്രാഗണിന്റെ ചിത്രവും കാണാം. പോസ്റ്ററിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മോഹൻലാലിനെയും കാണാനാകും. 'എംപുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എംപുരാനിലും എത്തുന്നുണ്ട്. ഒന്നാം ഭാഗമായ ലൂസിഫറും റിലീസിനെത്തിയത് മാർച്ച് മാസത്തിലായിരുന്നു.
2019 മാർച്ച് 28 നായിരുന്നു 'ലൂസിഫർ' പുറത്തിറങ്ങിയത്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെ കൊച്ചിയിലാണിപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. ഇന്ത്യയിലെ ചിത്രീകരണത്തിന് ശേഷം മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ കൂടി ചിത്രീകരണമുണ്ട്.
പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരും ചിത്രത്തിലെത്തും. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക