താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ കൂട്ടരാജി അംഗീകരിക്കുന്നില്ലെന്നും പുച്ഛത്തോടെ എഴുതി തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
സമൂഹത്തിൽ ദുഷ്ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരി എറിയാൻ ശ്രമിക്കുന്നവർ ഉണ്ടാകാം. പക്ഷേ, ഈ സംഘടന ശക്തമായി നിലനിൽക്കണം. ഞാൻ വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യത എനിക്ക് അറിയാം. അത് വച്ചുകൊണ്ട് പറയുകയാണ്, ഇവിടെ രണ്ടുമാസത്തിന് മുൻപ് സംഭവിച്ച കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല. ഞാൻ അത് പുച്ഛത്തോടെ എഴുതി തള്ളുന്നു. ഒരു വലിയ കൂട്ടം ആളുകളാണ് അവരെ തിരഞ്ഞെടുത്തത്. അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് ഈ കസേരയിൽ വന്നിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കിൽ അമ്മയിലെ അംഗങ്ങൾ സ്വമേധയാ ജനറൽ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്ടലാക്കിൽ നടക്കുന്നവർക്ക് അറിയില്ല. - സുരേഷ് ഗോപി പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പണം സ്വരൂപിക്കണമെങ്കിൽ നമ്മൾ വേണം. അതുകൊണ്ട് നമ്മൾ അമ്മയിലെ ജനങ്ങളുടെ സംവിധാനത്തിൽ ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി ആദ്യത്തെ നടപടി എടുക്കേണ്ടത് രാജിവച്ചു പോയവർക്കെതിരെ ആണ്. അവരെ കുത്തിന് പിടിച്ചു കൊണ്ടുവരണമെന്നും താരം പറഞ്ഞു. അമ്മയ്ക്കെതിരെ പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾക്ക് ദൈവമുണ്ടെങ്കിൽ ഈ സംഘടനയുടെ ആവശ്യം വരുന്നത് നമുക്ക് കാണാം. അമ്മ തിരിച്ചു വരുന്നതിനു വേണ്ടി പ്രവർത്തിക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഞാൻ എന്നും ആവശ്യമില്ലാത്ത കാര്യത്തിന് ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്. അതാണ് തൃശൂർ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, അത് നേരിടുന്നത് എനിക്കൊരു ത്രില്ലാണ്. ആ ത്രില്ല് അമ്മയിലെ എല്ലാവർക്കും വേണം. പോരാടുന്നവന് മാത്രമേ ഉയർപ്പുള്ളൂ, പകുതിവഴി ഇട്ടിട്ട് ഓടുന്നവനില്ല. ഞാൻ കൃഷ്ണനെയും ക്രിസ്തുവിനെയും ഒരുപോലെ കാണുന്നവനാണ്. ചവിട്ടി അരയ്ക്കപ്പെടുമ്പോഴും നീ നിന്റെ നാഥനെ വാരിപുണരുക, നിനക്കു വേണ്ടി പോരാടാനുള്ള പടയാളികളെ അവൻ വിട്ടുതരും. എന്റെ കൂടെ ജനങ്ങൾ എന്ന പടയാളികൾ ഉണ്ടെങ്കിൽ നമ്മുടെ സംഘത്തിന്റെ വിശ്വാസ്യത തച്ചുടയ്ക്കാൻ ശ്രമിക്കുന്നവരെ തകർക്കാനും ജനം നമ്മോടൊപ്പം നിൽക്കും. നമ്മുടെ ഒത്തൊരുമ നമ്മൾ പ്രകടമാക്കണം എന്ന് മാത്രം ആവശ്യപ്പെടുന്നു. ഈ കേരളപ്പിറവി അമ്മയുടെ പുനഃപിറവിയുടെ ദിനം കൂടിയാകട്ടെ.- സുരേഷ് ഗോപി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക