ദിൽ സെ രേ... എന്ന പാട്ട് ഒരിക്കലെങ്കിലും കേൾക്കാത്തവരോ മൂളത്താവരോ വിരളമായിരിക്കും. 1998 ൽ ഷാരൂഖ് ഖാനെയും മനീഷ കൊയ്രാളെയും നായികാനായകൻമാരാക്കി മണിരത്നം സംവിധാനം ചെയ്ത ദിൽ സെ എന്ന ചിത്രത്തിലെ പാട്ടായിരുന്നു ഇത്. എ ആർ റഹ്മാനൊരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും സൂപ്പർ ഹിറ്റാണ്. ചിത്രം അന്ന് തിയറ്ററുകളിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് പ്രേക്ഷകരേറ്റെടുത്തു.
ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനായ അമർ എന്ന കഥാപാത്രമായാണ് ഷാരൂഖ് ഖാൻ ചിത്രത്തിലെത്തിയത്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും കൊല്ലപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. എന്നാലിപ്പോൾ ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് കൂടി മണിരത്നം ഒരുക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മനീഷ കൊയ്‌രാള.
എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. ആദ്യം എഴുതിയ സ്ക്രിപ്റ്റിൽ ഷാരൂഖ് ഖാന്റെ കഥാപാത്രം മരിക്കുന്നില്ലായിരുന്നുവെന്നും പിന്നീട് അത് മാറ്റിയെന്നുമാണ് നടി പറഞ്ഞത്.
"രാം ഗോപാൽ വർമ്മയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാനിരുന്ന സമയത്താണ് എനിക്ക് ഈ സിനിമയിലേക്ക് ഓഫർ വരുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരു തീവ്രവാദിയുടെ വേഷമാണ് ചിത്രത്തിലെന്ന് മണിരത്നം പറഞ്ഞു.
ഒരു സാധാരണ പെൺകുട്ടിയുടെ അല്ലെങ്കിൽ പ്രണയിനിയുടെ വേഷമൊക്കെ ഞാൻ മുൻപ് ചെയ്തിരുന്നു. ഒരു നടിയെന്ന നിലയിൽ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം ചെയ്യാനുള്ള ഒരവസരം കൂടിയായിരുന്നു എനിക്കത്. ഞങ്ങൾ ആദ്യം കേട്ട സ്ക്രിപ്റ്റ് എല്ലാ അർഥത്തിലും വളരെ വലുതായിരുന്നു, ആ രണ്ട് കഥാപാത്രങ്ങളുടെയും സ്നേഹമുൾപ്പെടെ. ഇപ്പോൾ ഉള്ളതിൽ അദ്ദേഹം (അമർ) മരിക്കുന്നതാണുള്ളത്. യഥാർഥ സ്ക്രിപ്റ്റിൽ അവൻ അവളെ മരിക്കാൻ അനുവദിക്കുകയാണ്.
അത് ഞങ്ങൾക്കെല്ലാവർക്കും സ്വീകാര്യമായിരുന്നു. പക്ഷേ അവസാന നിമിഷം അവർ അത് മാറ്റി."- മനീഷ പറഞ്ഞു. ചിത്രത്തിൽ മൊയ്‌ന എന്ന തീവ്രവാദി സ്ലീപ്പർ സെൽ ആയിട്ടായിരുന്നു മനീഷ കൊയ്‌രാള അഭിനയിച്ചത്. മലയാളിയായ പ്രീതി നായരായി പ്രീതി സിന്റയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക