ഫ്രണ്ട്‌സ് ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ മാത്യു പെറിയുടെ മരണം ആരാധകരെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ മാത്യു പെറിയുടെ വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ അനിത ലല്ലിയന്‍. ദീപാവലി ദിനത്തില്‍ വീട്ടില്‍ പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അനിത സന്തോഷവാര്‍ത്ത പങ്കുവച്ചത്.
71 കോടി രൂപയ്ക്കാണ് അനിത ആഡംബര ഭവനം സ്വന്തമാക്കിയത്. പസഫിക് സമുദ്രത്തെ പശ്ചാത്തലമാക്കിയുള്ള വീട് അത്യാഡംബരത്തിലുള്ളതാണ്. വീട് കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും മാത്യു പെറിയുടെ മരണവുമായി വീട് വാങ്ങാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നടന്റെ ജീവിതത്തേയും കഴിവിനേയും ആദരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും എല്ലാ വീടുകള്‍ക്കും ഓരോ ചരിത്രമുണ്ടെന്നാണ്. ഞാന്‍ ഹിന്ദുവാണ്. പുതിയ വീടു വാങ്ങിയാല്‍ ഞങ്ങള്‍ പൂജ നടത്തിയതിനു ശേഷമാണ് താമസം ആരംഭിക്കാറുള്ളത്. വീടിന്റെ മുന്‍ ഉടമയുടെ ജീവിതത്തേയും കഴിവിനേയും മറ്റുള്ളവര്‍ക്ക് അദ്ദേഹം നല്‍കിയ സന്തോഷത്തേയും പോസിറ്റീവായാണ് ഞങ്ങള്‍ കാണുന്നത്. വീട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ വാങ്ങിയത്, അല്ലാതെ മുന്‍ ഉടമയുമായി അതിന് ബന്ധമില്ല. പൂളിലുള്ള ബാറ്റ്മാന്‍ ലോഗോ ഉള്‍പ്പടെയുള്ള ചില ഡിസൈനുകള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
3500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്രോപ്പര്‍ട്ടി 1965ലാണ് നിര്‍മിക്കുന്നത്. നാല് ബെഡ്‌റൂമുകളുള്ള വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം കടലിനോട് പശ്ചാത്തമായി വരുന്നു എന്നതാണ്. 2020ലാണ് 50 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക