സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയുള്ള സിനിമ വിലക്കിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കി. സൂപ്പര്‍താരം ഡാനിയല്‍ ക്രെയ്ഗ് പ്രധാന വേഷത്തിലെത്തുന്ന ക്വീര്‍ എന്ന ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. അവസാന നിമിഷത്തിലാണ് ചലച്ചിത്രോത്സവം റദ്ദാക്കിയത്.
സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ മുബി സംഘടിപ്പിക്കുന്ന മുബി ഫെസ്റ്റ് ഇസ്താംബുള്‍ നവംബര്‍ ഏഴിനാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വന്‍ വിജയമായതോടെയാണ് ഈ വര്‍ഷവും ചലച്ചിത്രോത്സവം പ്രഖ്യാപിച്ചത്. എന്നാല്‍ പരിപാടിക്ക് തൊട്ടുമുന്‍പായാണ് ക്വീര്‍ സിനിമയെ വിലക്കിക്കൊണ്ട് ഇസ്താന്‍ബുള്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറുടെ ഓഫിസ് നോട്ടീസ് ഇറക്കുന്നത്. പിന്നാലെ ഫിലിം ഫെസ്റ്റ് റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി മുബി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.
ക്വീറിലെ പ്രകോപനപരമായ ഉള്ളടക്കം ക്രമസമാധാന നിലയെ ബാധിക്കുന്നതാണെന്നും സുരക്ഷാ കാരണം മുന്‍നിര്‍ത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നത് എന്നാണ് നോട്ടീസില്‍ പറഞ്ഞത്. ഇത് കലയിലേക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് മുബി വ്യക്തമാക്കി. വ്യത്യസ്തരായ മനുഷ്യരുടേയും സംസ്‌കാരത്തിന്റേയുമെല്ലാം കൂടിച്ചേരലാണ് ചലച്ചിത്രോത്സവം. വിലക്കേര്‍പ്പെടുത്തിയത് ഒരു സിനിമയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ഫിലിം ഫെസ്റ്റിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
രണ്ട് പുരുഷന്മാരുടെ ജീവിതവും പ്രണയവും പറഞ്ഞ ചിത്രമാണ് ക്വീര്‍. 1950കളിലാണ് കഥ നടക്കുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയല്‍ ക്രെയ്ഗാണ് പ്രധാന വേഷത്തിലെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക