തമിഴ് - മലയാളം നടി രമ്യ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനായ ലോവൽ ധവാനാണ് വരൻ. ഋഷികേശിലെ ഗംഗാ നദീതീരത്ത് വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം. 'ഞങ്ങളുടെ യാത്ര തുടങ്ങിയ ഗംഗയുടെ തീരത്ത് തന്നെ, ഞങ്ങളുടെ ആത്മാവിനെയും ബന്ധിച്ചു'- എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് രമ്യ കുറിച്ചിരിക്കുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.
നവംബർ 15 ന് ചെന്നൈയിൽ വച്ച് വിവാഹ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. അടുത്തിടെയാണ് രമ്യ പാണ്ഡ്യനും ലോവൽ ധവാനും തമ്മിൽ വിവാഹതിരാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍.
കഴിഞ്ഞ വർഷമാണ് രമ്യ യോഗ പരിശീലനത്തിനായി അവിടെ ജോയിൻ ചെയ്തത്. തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിലൂടെ മലയാളത്തിലേക്കും രമ്യ അരങ്ങേറ്റം കുറിച്ചിരുന്നു. നടി കീർത്തി പാണ്ഡ്യൻ രമ്യയുടെ ബന്ധുവാണ്. കീർത്തിയും വിവാഹ വേളയിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക