നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ മുത്തശ്ശി ഇന്ദ്രാണി താക്കൂര്‍ അന്തരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ദുഃഖവാര്‍ത്ത പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്.
എന്റെ മുത്തശ്ശി അസാമാന്യയായ സ്ത്രീ ആയിരുന്നു. അഞ്ച് മക്കളാണ് ഉണ്ടായിരുന്നത്. മുത്തശ്ശന് കുറച്ച് വരിമാനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും മക്കള്‍ക്കെല്ലാം മികച്ച സ്ഥാപനങ്ങളില്‍ നിന്ന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി. വിവാഹിതയായ പെണ്‍മക്കള്‍ പോലും ജോലി വേണമെന്ന് മുത്തശ്ശിക്ക് നിര്‍ബന്ധമായിരുന്നു. പെണ്‍മക്കള്‍ പോലും സര്‍ക്കാര്‍ ജോലി നേടി. അക്കാലത്ത് അത് വലിയ സംഭവമായിരുന്നു. മുത്തശ്ശിയുടെ അഞ്ചു മക്കള്‍ക്ക് സ്വന്തമായി കരിയറുണ്ട്. മക്കളുടെ കരിയറില്‍ മുത്തശ്ശി അഭിമാനിച്ചിരുന്നു.- കങ്കണ കുറിച്ചു.
മുത്തശ്ശിക്ക് നൂറു വയസിനു മേലെ പ്രായമുണ്ട് എന്നാണ് കങ്കണ പറയുന്നത്. എന്നിട്ടും സ്വന്തം കാര്യങ്ങളെല്ലാം ഒറ്റയ്ക്കാണ് ചെയ്തിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മുത്തശ്ശിയോട് ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മുത്തശ്ശിക്ക് അഞ്ചടി എട്ട് ഇഞ്ച് പൊക്കമുണ്ടായിരുന്നു. പര്‍വത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വളരെ അപൂര്‍വമായിരുന്നു അത്. മുത്തശ്ശിയുടെ ഉയരവും ആരോഗ്യവുമാണ് എനിക്ക് കിട്ടിയത്. മുത്തശ്ശി ആരോഗ്യവതിയായിരുന്നു. 100 വയസിനു മേലെ പ്രായമുണ്ടായിരുന്നിട്ടും സ്വന്തം കാര്യങ്ങളെല്ലാം ഒറ്റക്കാണ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മുറി വൃത്തിയാക്കുന്നതിനിടെ മുത്തശ്ശിക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. അന്നുമുതല്‍ കിടപ്പിലാണ്. മനോഹരമായ ജീവിതമാണ് മുത്തശ്ശി ജീവിച്ചത്. ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. ഞങ്ങളുടെ ഡിഎന്‍എയില്‍ എന്നും മുത്തശ്ശിയുണ്ടാകും. എന്നും ഞങ്ങള്‍ ഓര്‍മിക്കും. - കങ്കണ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക