ഒരു പാട്ട് പാടാൻ മാത്രം വാങ്ങുന്നത് മൂന്ന് കോടി, ഇന്ത്യയിലെ വിലയേറിയ ​ഗായകൻ ഈ സം​ഗീത സംവിധായകൻ

മറ്റു സംഗീത സംവിധായകരുടെ പാട്ടുകൾ വളരെ അപൂർവമായി മാത്രമേ റഹ്മാൻ ആലപിക്കാറുള്ളു.
AR Rahman
എ ആർ റഹ്മാൻ, ശ്രേയ ഘോഷാൽ, സോനു നിഗംഇൻസ്റ്റ​ഗ്രാം
Published on
Updated on

ഇന്ത്യയിൽ പാട്ടുകാർക്ക് ഇപ്പോൾ നല്ല കാലമാണ്. ഒരു പാട്ട് പാടാനായി കേവലം തുച്ഛമായ പ്രതിഫലം മാത്രമായിരുന്നു ഒരുകാലത്ത് ​ഗായകർക്ക് ലഭിച്ചിരുന്നത്. കാലം മാറിയതോടെ ആ സ്ഥിതിയെല്ലാം മാറി, ഇന്നിപ്പോൾ ഇന്ത്യയിലെ മുൻനിര ഗായകർ ഒരു പാട്ടിന് തന്നെ ലക്ഷങ്ങളാണ് പ്രതിഫലം ഈടാക്കുന്നത്. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മുഴുവൻ സമയ ​ഗായകരേക്കാൾ മുന്നിലാണ് ഒരു സം​ഗീത സംവിധായകനെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എആർ റഹ്മാനാണ് പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത്. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ കടത്തിവെട്ടിയാണ് റഹ്മാൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

സംഗീത സംവിധായകനായ റഹ്മാൻ മറ്റൊരു സംഗീത സംവിധായകനൊരുക്കിയ പാട്ട് പാടാൻ 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം പാടുന്നതിന് റഹ്മാൻ എത്ര രൂപ കൈപ്പറ്റുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റു സംഗീത സംവിധായകരുടെ പാട്ടുകൾ വളരെ അപൂർവമായി മാത്രമേ റഹ്മാൻ ആലപിക്കാറുള്ളു. സ്വന്തം പ്രൊജക്ടുകളിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുഴുവന്‍ സമയ ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാലാണ്. 25 ലക്ഷം രൂപ വരെയാണ്‌ ഒരു പാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷം വരെ വാങ്ങുന്ന സുനിധി ചൗഹാനാണ് മൂന്നാമത്. അർജിത് സിങ്ങും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 15 മുതല്‍ 18 ലക്ഷം വരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സംഗീത സംവിധായകനാണ് എആർ റഹ്മാനെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ഒന്നാം സ്ഥാനത്ത്. 8 കോടിയാണ് ഒരു ചിത്രത്തിനു വേണ്ടി റഹ്മാൻ വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനിരുദ്ധിന്റെ പ്രതിഫലം 10 കോടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com