സിനിമ പ്രമോഷന് താമസിച്ച് എത്തിയ നടൻ സൂര്യയോട് ദേഷ്യപ്പെട്ട് പാപ്പരാസി. മുംബൈയിൽ വച്ചുനടന്ന കങ്കുവ സിനിമയുടെ പ്രമോഷനിടെയാണ് സംഭവമുണ്ടായത്. നടൻ എത്താൻ വൈകിയത് കാരണം പരിപാടി ഏറെ താമസിച്ചാണ് തുടങ്ങിയത്. ഇതാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. തുടർന്ന് താരം ക്ഷമാപണം നടത്തുകയായിരുന്നു.
വൈകി എത്തിയ താരത്തെ തടഞ്ഞു നിർത്തിക്കൊണ്ടാണ് പാപ്പരാസി ദേഷ്യപ്പെട്ട് സംസാരിച്ചത്. എന്നാൽ താരം ഇയാളോട് മറുത്തൊന്നും പറയാതെ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. പിന്നാലെ താരം വൈകാനുണ്ടായ കാരണം അറിയിച്ചു. ഫ്ലൈറ്റ് ലേറ്റായതാണ് താൻ വൈകാൻ കാരണമെന്നും അത് തന്റെ നിയന്ത്രണത്തിൽ അല്ലെന്നുമാണ് താരം പറഞ്ഞത്. തുടർന്ന് ക്ഷമാപണവും നടത്തി.
‘വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് മുംബൈ ട്രാഫിക് കാരണമല്ല മറിച്ച് എയർ ട്രാഫിക് ആണ്. ഞങ്ങൾ മിക്ക ദിവസവും ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നു. ഒഴികഴിവുകൾ മാറ്റിനിർത്തി ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഇത് എനിക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. സർ, നിങ്ങൾക്ക് ഞങ്ങളോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് ഞാൻ കരുതുന്നു.’- സൂര്യ പറഞ്ഞത്.
വൻ ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നത്. നവംബർ 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവയിൽ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളിന്റെയും ദിഷ പഠാനിയുടെയും തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ. വീരം, സിരുതൈ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക