ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. ഈ മാസം 18 ന് നയന്റെ പിറന്നാൾ ദിനത്തിൽ നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ എന്ന ഡോക്യുമെന്ററി ഫിലിം പുറത്തുവരും. നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയവും വിവാഹവുമെല്ലാം കോർത്തിണക്കിയാണ് ഡോക്യു ഫിലിം ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ മേനോനാണ് സംവിധാനം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് തങ്ങളുടെ പ്രണയകഥ പുറംലോകത്തെ അറിയിക്കുന്നത്.
2015 ല്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നാണ് വെളിപ്പെടുത്തല്‍. ഡോക്യു ഫിലിം റിലീസിന് മുന്നോടിയായി ഒരു ടീസർ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വിഡിയോയും വൈറലാവുകയാണിപ്പോൾ.
'പോണ്ടിച്ചേരിയിലെ റോഡിൽ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു, ഞാന്‍ എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടോ, അന്ന് ഞാന്‍ അവനെ വ്യത്യസ്തമായി നോക്കി. എന്റെ മനസില്‍ ആദ്യം വന്നത്, 'ഇദ്ദേഹം എന്തൊരു ക്യൂട്ട് ആണെന്നായിരുന്നു'. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും എന്റെ ശ്രദ്ധയാകര്‍ഷിച്ചു'- നയന്‍താര പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിന് ശേഷം താന്‍ വിഘ്‌നേഷിന് ഒരു സന്ദേശം അയച്ചതായി നയന്‍താര പറഞ്ഞു. അതിങ്ങനെയായിരുന്നു,'എനിക്ക് ഈ സെറ്റ് മിസ് ചെയ്യും'. വിഘ്‌നേഷ് അതിന് ഇങ്ങനെ മറുപടി നല്‍കി, 'എനിക്കും അതേ അനുഭവമായിരിക്കും മാഡം'. 'ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും, ഞാന്‍ കള്ളം പറയില്ല. എന്നാല്‍ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല' വിഘ്‌നേഷ് പറയുന്നു.
ഇക്കാര്യത്തിൽ താനാണ് ഒരടി മുന്നോട്ട് വെച്ചതെന്നും നയന്‍താര വ്യക്തമാക്കി. 'ഇതാദ്യമായി ഞാനൊരടി മുന്നോട്ട് നീങ്ങി, പരസ്പരം മറ്റൊരു വഴിയിലൂടെ സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ മനസിലാക്കി' നയന്‍താര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക