വേറിട്ട കഥാപാത്രങ്ങളിലൂടെയും അഭിനയശൈലിയിലൂടെയും ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് പങ്കജ് ത്രിപാഠി. അടുത്തിടെ ഒരഭിമുഖത്തിൽ സിനിമയിൽ വരുന്നതിന് മുൻപ് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 90കളുടെ തുടക്കത്തിൽ പട്നയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. സിനിമയിലെത്തി അറിയപ്പെട്ടു തുടങ്ങിയ ശേഷം ഈ ഹോട്ടലിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് പങ്കജ്.
"അന്ന് ഞാൻ ഹോട്ടലിലേക്ക് കയറിയിരുന്നത് പിന്നിലെ ഗേറ്റിലൂടെയാണ്. അതിലൂടെയായിരുന്നു ജീവനക്കാർ പ്രവേശിക്കാറുണ്ടായിരുന്നത്. ഇന്ന് എനിക്ക് പ്രധാന ഗേറ്റിൽ നിന്ന് അകത്തേക്ക് പ്രവേശനം അനുവദിച്ചു. എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർ തന്നെ അവിടെയുണ്ടായിരുന്നു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി. ഓർമ്മകളെല്ലാം പെട്ടെന്ന് തിരികെവരുന്നു. ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയും എന്നു മാത്രമേ ഇപ്പോൾ തോന്നുന്നുള്ളൂ." - പങ്കജ് ത്രിപാഠി പറഞ്ഞു.
രാത്രി ഒരു ഹോട്ടലിൽ അടുക്കളയിൽ ജോലി ചെയ്യുകയും രാവിലെ നാടക പരിശീലനത്തിന് പോവുകയും ചെയ്യുമായിരുന്നെന്ന് പങ്കജ് ത്രിപാഠി മുൻപും പറഞ്ഞിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചുവന്ന് അഞ്ച് മണിക്കൂർ ഉറങ്ങുകയും പിന്നീട് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴുമണി വരെ തിയറ്റർ ചെയ്യും. വീണ്ടും രാവിലെ 11 മുതൽ രാത്രി വരെ ഹോട്ടൽ ജോലി ചെയ്യുകയും ചെയ്തു.
രണ്ടു വർഷം ഇങ്ങനെ തുടർന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഹോട്ടലിൽ താമസിക്കാൻ വന്ന നടൻ മനോജ് ബാജ്പേയെക്കുറിച്ചുള്ള രസകരമായ ഒരോർമ്മയും പങ്കജ് പറഞ്ഞു. മനോജ് ബാജ്പേയുടെ ചെരുപ്പുകളിലൊന്ന് താൻ മോഷ്ടിച്ചതായും താരം വെളിപ്പെടുത്തി. അന്ന് തനിക്കൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്നവരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും താരം പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സ്ത്രീ 2 വിലെ പങ്കജിന്റെ വേഷവും ഏറെ ശ്രദ്ധ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക