ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഛായാഗ്രാഹകന്‍ ശരണ്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
എം മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫിസിലും വിജയമായി.
രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്. എന്നാല്‍ ചിത്രം വിജയമായില്ല. യോഗി ബാബുവിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത വിയോഗം. തമിഴ് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് സുരേഷിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക