സിനിമാ കുടുംബത്തിൽ നിന്നായതു കൊണ്ട് തന്നെ സിനിമയിലേക്കെത്താൻ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല കീർത്തി സുരേഷിന്. ബാലതാരമായാണ് കീർത്തി അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. പഠനത്തിൽ ശ്രദ്ധ പതിപ്പിച്ചതിനാൽ കുട്ടിക്കാലത്ത് ഒരുപാട് സിനിമകളിലൊന്നും കീർത്തി അഭിനയിച്ചതുമില്ല. 2013 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറുന്നത്, അതും ഇരട്ട വേഷത്തിൽ.
ഗീത, അഞ്ജലി എന്നീ കഥാപാത്രങ്ങളെയാണ് കീർത്തി സ്ക്രീനിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ പെർഫോമൻസ് ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നായി നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. തമിഴകത്താണ് കീർത്തി കൂടുതൽ ശ്രദ്ധ നൽകിയത്. വളരെ പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവരാൻ കീർത്തിക്ക് കഴിഞ്ഞു. തെലുങ്കിലേക്ക് കടന്നപ്പോഴും കീർത്തിയെ തേടി മികച്ച സിനിമകളെത്തി.
ഇന്നിപ്പോൾ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി വളരെ തിരക്കുള്ള നടിമാരിലൊരാളായി കീർത്തി വളർന്നു കഴിഞ്ഞു. വരുൺ ധവാൻ്റെ ബേബി ജോണിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ താരം. കീർത്തി സുരേഷിന്റെ കരിയറിലെ ചില മികച്ച കഥാപാത്രങ്ങളിലൂടെ.
നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. തെന്നിന്ത്യയിലെ മഹാനടിയായിരുന്ന സാവിത്രിയെയാണ് കീർത്തി തിരശീലയില്‍ അവതരിപ്പിച്ചത്. സാമന്ത, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വൻതാര നിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 25 കോടി ബജറ്റിലൊരുക്കിയ ചിത്രം 80 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തു. കീർത്തിയുടെ പെർഫോമൻസ് ഏറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തു. സാവിത്രിയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടിയെത്തി. കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രവും ഇതാണ്.
അതുവരെ കണ്ട കീർത്തിയെ ആയിരുന്നില്ല സാനി കായിദം എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. സെൽവരാഘവനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയും നേടി. പൊന്നി എന്ന കഥാപാത്രത്തെ കീർത്തിയോളം മനോഹരമാക്കാൻ മറ്റാർക്കും കഴിയില്ല.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു താനാ സേർന്ത കൂട്ടം. സൂര്യയായിരുന്നു ചിത്രത്തിൽ കീർത്തിയുടെ നായകനായെത്തിയത്. മധു എന്ന പെൺകുട്ടിയുടെ വേഷത്തിലാണ് കീർത്തി ചിത്രത്തിലെത്തിയത്. ബോക്സോഫീസിൽ മികച്ച വിജയം നേടാനും ചിത്രത്തിന് കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.
നാനിയുടെ നായികയായി കീർത്തിയെത്തിയ ചിത്രമായിരുന്നു ദസറ. വൻ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. വെണ്ണല എന്ന നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ കീർത്തിയ്ക്ക്. ചിത്രത്തിലെ കീർത്തിയുടെ ലുക്കും ശ്രദ്ധ നേടി. വെണ്ണലയായി നാനിയ്ക്കൊപ്പം താരം തകർത്താടുകയും ചെയ്തു.
കീർത്തി നായികയായെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു പെൻഗ്വിൻ. ശക്തമായ ഒരു കഥാപാത്രത്തെയാണ് കീർത്തി ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ ഡയലോഗ് ഡെലിവറിയും ഏറെ പ്രശംസകളേറ്റു വാങ്ങി. കീർത്തിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് പെൻഗ്വിനിലെ റിതം എന്ന കഥാപാത്രം. ഒരമ്മയുടെ വികാരങ്ങളെല്ലാം കീർത്തിയിൽ ഭദ്രമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക