നടൻ നാഗ ചൈതന്യയുടെ 38ാം പിറന്നാളാണിന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ മനം കവരാൻ നാഗ ചൈതന്യയ്ക്കായി. സിനിമയിൽ കത്തി നിന്ന സമയത്തായിരുന്നു നടി സാമന്തയുമായി നാഗ ചൈതന്യ പ്രണയത്തിലായത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കി.
എന്നാൽ ആ ദാമ്പത്യം അധിക നാൾ നീണ്ടു നിന്നില്ല. 2021 ൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു. സാമന്തയുമായുള്ള വേർപിരിയലിന് പിന്നാലെ വൻ തോതിൽ സൈബർ ആക്രമണവും നാഗ ചൈതന്യക്ക് നേരിടേണ്ടി വന്നിരുന്നു.
അടുത്തിടെയാണ് നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ആദ്യമൊന്നും താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ ഇരുവരുടെയും പ്രണയം പൂവണിഞ്ഞിരിക്കുകയാണ്.
അടുത്ത മാസം നാലിനാണ് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. താരവിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ഈ പിറന്നാൾ ദിനത്തിൽ നാഗ ചൈതന്യയുടെ ചില മികച്ച സിനിമകൾ കണ്ടാലോ.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു യേ മായ ചെസാവേ. നാഗ ചൈതന്യയും സാമന്തയും ആദ്യമായി ഒന്നിച്ചത് ഈ ചിത്രത്തിലായിരുന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു ഇത്. ചിത്രം ബോക്സോഫീസിൽ വൻ വിജയമായി മാറുകയും ചെയ്തു. നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിയും ശ്രദ്ധ നേടി.
സുകുമാർ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് 100% ലവ്. നാഗ ചൈതന്യയും തമന്ന ഭാട്ടിയയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ദേവി ശ്രീ പ്രസാദ് ആയിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ബാലു മഹേന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നാഗ ചൈതന്യ എത്തിയത്.
വിക്രം കുമാർ രചനയും സംവിധാനവും നിർവഹിച്ച് അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ അക്കിനേനി കുടുംബം നിർമ്മിച്ച സിനിമയായിരുന്നു മനം. അക്കിനേനി നാഗേശ്വര റാവു, നാഗാർജുന, നാഗ ചൈതന്യ, സാമന്ത, ശ്രിയ ശരൺ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. നാഗേശ്വര റാവുവിൻ്റെ അവസാന ചിത്രം കൂടിയായിരുന്നു 2014 ൽ പുറത്തിറങ്ങിയ മനം. 62 കോടിയോളം ചിത്രം തിയറ്ററിൽ കളക്ഷൻ നേടിയിരുന്നു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സാഹസം സ്വാസഗ സാഗിപോ. നാഗ ചൈതന്യയും മഞ്ജിമ മോഹനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അച്ചം യെൻബദു മടമൈയട എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു ചിത്രം. തിയറ്ററിൽ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ടെലിവിഷനിൽ പ്രദർശിപ്പിച്ചു തുടങ്ങിയപ്പോൾ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പായിരുന്നു ഇത്. വെങ്കടേഷ്, നാഗാർജുന എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുകയും ചെയ്തു. നാഗ ചൈതന്യയും ശ്രുതി ഹാസനുമായിരുന്നു നിവിൻ പോളിയും സായി പല്ലവിയും അവതരിപ്പിച്ച കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രതികരണവും ചിത്രം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക