ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കുടുംബ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിങ് നടന്നത്. 21 ന് ഇരുവരും കോടതിയിൽ ഹാജരാവുകയും ചെയ്തു.
നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായിരുന്നില്ല. 2022 ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേർപിരിയുന്നുവെന്ന കാര്യം അറിയിച്ചത്. മൂന്ന് തവണ ഹിയറിങിന് ഹാജരാകാത്തതിനാൽ ഇരുവരും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
2004 ലാണ് ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹം. "സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസിലാക്കലിൻ്റെയും വിട്ടുവീഴ്ചകളുടേയും പൊരുത്തപ്പെടലിൻ്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപെടുന്ന ഒരിടത്താണ് നിൽക്കുന്നത്.
ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്."- എന്ന് പറഞ്ഞാണ് വേർപിരിയൽ ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയച്ചത്. യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക