'ഭീഷണിയെക്കുറിച്ച് അറിവില്ല, സിനിമ പിൻവലിച്ച വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ'; വിവാദങ്ങളിൽ പ്രതികരിച്ച് സണ്ണി വെയ്നും ലുക്മാനും

സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് സണ്ണി വെയ്നും കുറിച്ചു.
Turkish Tharkkam
ലുക്മാനും സണ്ണി വെയ്നുംഫെയ്സ്ബുക്ക്
Published on
Updated on

മതനിന്ദ ആക്ഷേപം വന്നതിനെ തുടര്‍ന്ന് 'ടര്‍ക്കിഷ് തര്‍ക്കം' എന്ന ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ വാദം വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം അടക്കം അണിയറപ്രവര്‍ത്തകരുടെ വാദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളായ ലുക്മാനും സണ്ണി വെയ്നും വിവാദത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം തനിക്ക് കിട്ടിയില്ല എന്ന് ലുക്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് സണ്ണി വെയ്നും കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുൻപ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

സണ്ണി വെയ്ന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാള സിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com