ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്ന നടി മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരെ സിനിമാ സംഘടനയായ ഡബ്ല്യുസിസി. അന്വേഷണം വേണ്ടെന്ന ആവശ്യത്തെ ഡബ്ല്യുസിസി സുപ്രീം കോടതിയില്‍ എതിര്‍ക്കും. മാലാ പാര്‍വതി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കി. നടി മാലാപാര്‍വതി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്ന് ഡബ്ല്യുസിസിയുടെ അപേക്ഷയില്‍ പറയുന്നു.
ഹേമ കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് മാലാ പാര്‍വതി സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഡബ്ല്യുസിസി കക്ഷി ചേരാന്‍ തീരുമാനിച്ചത്. പ്രത്യേക അന്വേഷണ സംഘം വിശ്വാസ വഞ്ചന കാട്ടിയെന്നും മാലാ പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു.
തന്റെ മൊഴിയില്‍ കേസെടുക്കേണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും നടി പറഞ്ഞു. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മാലാ പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക