Balabhaskar
ബാലഭാസ്കർഫെയ്സ്ബുക്ക്

നിനക്കായ് തോഴി പുനർജനിക്കാം...; ബാലഭാസ്കർ വിടവാങ്ങിയിട്ട് ആറ് വർഷം

ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരനാണ് ബാലഭാസ്കർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി അദ്ദേഹം. വയലിൻ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനിൽ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത വേദികൾ, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്റ പ്രകടനങ്ങൾ അങ്ങനെ ബാലഭാസ്കർ എന്നും മലയാളികൾക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികൾ അമ്പരപ്പോടെ ആ മാന്ത്രികസ്പർശം കേട്ടിരുന്നു.

ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവർന്നെടുത്തു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലഭാസ്കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം തികഞ്ഞിരിക്കുകയാണ്. ബാലഭാസ്കറിന്റെ മലയാളികൾ നെഞ്ചേറ്റിയ ചില ​ഗാനങ്ങളിലൂടെ.

1. നിനക്കായ്

Balabhaskar

മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്നു 'നിനക്കായ്' എന്ന ആൽബം. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച് 1998ൽ പുറത്തിറങ്ങിയ നിനക്കായ് എന്ന പ്രണയ ആൽബത്തിലെ നിനക്കായ് തോഴി പുനർജനിക്കാം... എന്ന പാട്ടിലൂടെയാണ് ബാലഭാസ്കർ ശ്രദ്ധേയനാകുന്നത്.

2. മംഗല്യപല്ലക്ക്

Balabhaskar

മംഗല്യപല്ലക്ക് എന്ന ചിത്രത്തിനു വേണ്ടി സം​ഗീതമൊരുക്കുമ്പോൾ 17 വയസായിരുന്നു ബാലഭാസ്കറിന്റെ പ്രായം. ചിത്രത്തിലെ വിഷുപ്പക്ഷി വിളിക്കുന്നേ വണ്ണാത്തിക്കിളി ചിലയ്ക്കുന്നേ...എന്ന ​ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ബാലഭാസ്കർ ഈണമിട്ടത്.

3. കണ്ണാടി കടവത്ത്

Balabhaskar

കണ്ണാടി കടവത്തിനുവേണ്ടി കൈതപ്രത്തിന്റെ വരികൾക്കും ബാലഭാസ്കർ ഈണമൊരുക്കി. ഇഷ്ടമാണ് ഇഷ്ടമാണെന്ന പാട്ട് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം പരാജയപ്പെട്ടങ്കിലും ബാലഭാസ്കറിന് നിരവധി പ്രശംസ കിട്ടിയ ചിത്രം കൂടിയായിരുന്നു ഇത്.

4. പാട്ടിൻ്റെ പാലാഴി

Balabhaskar

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് പാട്ടിൻ്റെ പാലാഴി. മീര ജാസ്മിനും രേവതിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിനായും ബാലഭാസ്കർ സം​ഗീതമൊരുക്കിയിരുന്നത്. ഈ സിനിമയിൽ ബാലഭാസ്കർ അഭിനയിക്കുകയും ചെയ്തു.

5. മോക്ഷം

Balabhaskar

മയ്യണിക്കണ്ണേ ഉറങ്ങ്...ഉറങ്ങ് മഞ്ചാടിമുത്തേ ഉറങ്ങ്... എന്ന ​ഗാനത്തിനും സം​ഗീതമൊരുക്കിയതും ബാലഭാസ്കറായിരുന്നു. കാവാലം നാരായണപണിക്കരായിരുന്നു ​ഗാനരചന നിർവഹിച്ചത്. ജി വേണു​ഗോപാൽ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങളിലായി ഇരുനൂറിലേറെ ഗാനങ്ങൾക്കും ബാലഭാസ്കർ സംഗീതം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com