തെന്നിന്ത്യൻ താരങ്ങളായ സാമന്ത - നാഗ ചൈതന്യ വേർപിരിയലിനെ കുറിച്ച് പരാമർശം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാന പരിസ്ഥിതി, വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ. സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം. മന്ത്രിയുടെ പരാമർശം വ്യാപക പ്രതിഷേധത്തിന് വഴി വച്ചിരിക്കുകയാണ്. സംഭവത്തിൽ നാഗ ചൈതന്യയും സാമന്തയും പ്രതികരണം അറിയിച്ച് രംഗത്തെത്തി.
"ഒരു സ്ത്രീയാകാൻ, പുറത്തിറങ്ങി ജോലിചെയ്യാൻ, സ്ത്രീകളെ പരിഗണിക്കാത്ത ഒരു ഗ്ലാമറസ് വ്യവസായത്തിൽ അതിജീവിക്കാൻ, പ്രണയത്തിലാകാനും പ്രണയത്തിൽ നിന്ന് പിന്തിരിയാനും, ഇപ്പോഴും എഴുന്നേറ്റു നിൽക്കാനും പോരാടാനും… അതിന് വളരെയധികം ധൈര്യവും ശക്തിയും ആവശ്യമാണ്, ഈ യാത്ര എന്നെ മാറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു, ദയവായി അതിനെ നിസാരമാക്കരുത്, ഒരു മന്ത്രി എന്ന നിലയിൽ നിങ്ങളുടെ വാക്കുകൾക്ക് കാര്യമായ പ്രാധാന്യം ഉണ്ടെന്ന് നിങ്ങൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
വ്യക്തികളുടെ സ്വകാര്യതയോട് ഉത്തരവാദിത്തവും ബഹുമാനവും പുലർത്താൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്, അതിനെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നു. എന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരവുമായിരുന്നു, രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെട്ടിട്ടില്ല. ദയവായി എന്റെ പേര് രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്ന് മാറ്റി നിർത്തണം. താൻ എപ്പോഴും അരാഷ്ട്രീയമായി തുടരുകയാണെന്നും, അത് തുടരാൻ ആഗ്രഹിക്കുന്നെന്നും" സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു വേണ്ടതെന്ന തീരുമാനത്തില്‍, രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം മാത്രമാണത്.
അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെയും കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടിയാണ്.
സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്" - നാഗ ചൈതന്യ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'മയക്ക് മരുന്ന് മാഫിയയാണ് കെടിആര്‍. സിനിമാ ഇൻഡസ്ട്രിയിലെ പലര്‍ക്കും അയാള്‍ മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സാമന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിഞ്ഞത്'- എന്നായിരുന്നു മന്ത്രി സുരേഖയുടെ പരമാര്‍ശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക