ഏത് റോളും അസാമാന്യമാം വിധം കൈകാര്യം ചെയ്യുന്ന നടനാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ വേഷങ്ങളിലൂടെയും ആകർഷകമായ പ്രകടനങ്ങളിലൂടെയും മലയാള സിനിമയിൽ ഇന്ന് ആഘോഷിക്കപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ടൊവിനോ. റൊമാൻസ്, ഇമോഷൻ, കോമഡി, ആക്ഷൻ അങ്ങനെ റോൾ ഏതായാലും അതെല്ലാം ടൊവിയുടെ കൈകളിൽ ഭദ്രം. ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നടൻമാരിലൊരാൾ കൂടിയാണ് അദ്ദേഹം.
പലപ്പോഴും ഇത്തരം ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ പരിക്കേൽക്കാറുമുണ്ട് ടൊവിനോയ്ക്ക്. എന്നാൽ പരിക്കുകളൊന്നും ടൊവി വകവയ്ക്കാറുമില്ല. ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളുമൊക്കെ ചെയ്യാൻ ടൊവിനോയ്ക്ക് വലിയ ആവേശമാണ്. മലയാളികളെ ത്രില്ലടിപ്പിച്ച ടൊവിനോയുടെ ആക്ഷൻ സിനിമകളിലൂടെ.
എആർഎമ്മിലൂടെ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു ടൊവിനോ. വ്യത്യസ്തമാർന്ന മൂന്ന് വേഷങ്ങളുടെ പകർന്നാട്ടമായിരുന്നു ടൊവിനോയിൽ കാണാനായത്. ഓണം റിലീസായെത്തിയ ചിത്രം ഇതിനോടകം തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. കുഞ്ഞികേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി കളരിപ്പയറ്റും ടൊവിനോ പരിശീലിച്ചിരുന്നു. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് മണിയന്റേത്. കള്ളനായെത്തി പ്രേക്ഷകരെ അത്രയധികം ആവേശത്തിലാഴ്ത്താൻ മണിയനിലൂടെ ടൊവിനോയ്ക്കായി.
പ്രതികാരത്തിന്റെ കൊട്ടിക്കലാശം എന്ന് പറയാവുന്ന ഒരു ചിത്രമായിരുന്നു ടൊവിനോയുടെ കള. റിയലിസ്റ്റിക് രീതിയിലുള്ള സംഘട്ടനമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇരട്ടസ്വഭാവം പ്രകടിപ്പിക്കുന്ന നെഗറ്റീവ് ഷെയ്ഡുള്ള ഷാജി എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിച്ചത്.
ടൊവിനോയുടെ കരിയറിലെ വേറിട്ട മറ്റൊരു വേഷമായിരുന്നു തല്ലുമാലയിലെ മണവാളൻ വസിം. യാദൃശ്ചികമായി മറ്റുള്ളവരുമായി ഉരസുകയും പിന്നീട് അടിപിടിയിലേക്ക് എത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ഇത്. ഒന്നും നോക്കാതെ തല്ലുന്ന ഇരുപതുകാരനായ വസിമിനെ അത്യുഗ്രനായാണ് ടൊവിനോ അവതരിപ്പിച്ചതും. കളർഫുൾ എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതും.
ഗുസ്തി എന്ന കായിക ഇനത്തെ കൃത്യതയോടെ കൈകാര്യം ചെയ്ത സിനിമയാണ് ഗോദ. ചിത്രത്തിൽ അഭിനയിക്കാനായി ടൊവിനോ അടക്കമുള്ള താരങ്ങൾ ഗുസ്തി പഠിക്കുകയും ചെയ്തു. ചിത്രത്തിലെ ഗുസ്തി സീക്വൻസുകളെല്ലാം തിയറ്ററിൽ കൈയ്യടി നേടി. അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രത്തെ അങ്ങേയറ്റം ആത്മാർത്ഥയോടെ അവതരിപ്പിക്കുന്ന ടൊവിനോ ശൈലി ഗോദയിലും പ്രേക്ഷകന് കാണാനാകും.
പൊലീസുദ്യോഗസ്ഥനായെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു കൽക്കി. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമായിരുന്നു കൽക്കി. ഒട്ടേറെ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടിയില്ല. ടൊവിനോയുടെ ആക്ഷൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം കൂടിയാണ് കൽക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക