തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയ ആയ നടിയാണ് പ്രിയ ഭവാനി ശങ്കർ. ടെലിവിഷൻ അവതാരകയിൽ നിന്നാണ് പ്രിയ സിനിമയിലെത്തുന്നത്. ജീവ നായകനായെത്തുന്ന ബ്ലാക്ക് എന്ന ചിത്രമാണ് പ്രിയയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബ്ലാക്കിന്റെ പ്രൊമോഷനിടെ പ്രിയ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
തന്റെ ശരീരം കാണിച്ചു കൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കാൻ നിൽക്കില്ല എന്നാണ് പ്രിയ പറയുന്നത്. "ശരീരപ്രദർശനത്തിലൂടെ സിനിമയെ ബിസിനസ് ചെയ്യുന്നത് ശരിയോ തെറ്റോ എന്ന കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല. ഞാൻ അത് ചെയ്യില്ല. എന്റെ ജോലി അഭിനയിക്കുക എന്നത് മാത്രമാണ്.
ഒരു നെഗറ്റീവ് കഥാപാത്രം എനിക്ക് കിട്ടിയാൽ, ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാതെ ആ കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെന്നു പറഞ്ഞ് ഞാനതിൽ അഭിനയിക്കാതെ വിട്ടുകളയില്ല. എന്റെ ശരീരം കണ്ട് പ്രേക്ഷകർ സിനിമ കാണാൻ എത്തണമെന്ന് ഞാനൊരിക്കലും ചിന്തിക്കില്ല.
സിനിമയിൽ നിലനിൽക്കാൻ വേണ്ടി ഞാൻ എന്നെ തന്നെ ഒരു സെല്ലിങ് ഫാക്ടർ ആക്കില്ല. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഒരു മോശം മെസേജ് ഞാൻ പ്രേക്ഷകരിലേക്കെത്തിച്ചു എന്ന തോന്നൽ എനിക്ക് ഉണ്ടാകാൻ പാടില്ല."- പ്രിയ ഭവാനി ശങ്കർ പറഞ്ഞു. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ബ്ലാക്ക് എന്ന ചിത്രം 11 ന് തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക