സൂര്യയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. എഐ ഉപയോഗിച്ച് കങ്കുവയ്ക്ക് വേണ്ടി നടൻ സൂര്യയുടെ ശബ്ദം ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുമെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ അറിയിച്ചിരിക്കുന്നത്.
'കങ്കുവ തമിഴ് പതിപ്പിന് സൂര്യ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ശബ്ദത്തിനായി മറ്റ് ഭാഷകൾക്ക് ഞങ്ങൾ എഐ ഉപയോഗിക്കും. ഇത് കോളിവുഡിൽ പുതിയൊരു മേഖലയെക്കൂടി അടയാളപ്പെടുത്തും. അടുത്തിടെ, വേട്ടയ്യന്റെ നിർമ്മാതാക്കളും അമിതാഭ് ബച്ചൻ്റെ ശബ്ദത്തിനായും ഇതിന് സമാനമായ രീതി ചെയ്തിരുന്നു. ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ ഇത് വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'- കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.
ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേൽ കൂട്ടിച്ചേർത്തു. പ്രീ- റിലീസ് ഇവൻ്റിൽ മുഖ്യാതിഥികളാകാൻ രജനികാന്തിനെയും പ്രഭാസിനെയും ചിത്രത്തിൻ്റെ ടീം സമീപിച്ചിട്ടുണ്ടെന്നും നിർമ്മാതാവ് പറഞ്ഞു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിൽ നവംബർ 14ന് കങ്കുവ റിലീസ് ചെയ്യും.
ബോബി ഡിയോൾ, ദിഷ പടാനി, ജഗപതി ബാബു, നടരാജൻ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ ഡബിൾ റോളിലാണ് സൂര്യയെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക