കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ 'ബോഗയ്‌ന്‍വില്ല'യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ആലപ്പുഴ കൈരളി തിയറ്ററിലാണ് ഇരുവരും അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കേക്ക് മുറിച്ച് വിജയ മധുരം ഇരുവരും പങ്കിടുകയുമുണ്ടായി.
'എല്ലാവരോടും വന്ന് കാണാൻ പറയുക' എന്നാണ് തിയറ്ററിൽ ഉണ്ടായിരുന്നവരോടായി ചാക്കോച്ചൻ പറഞ്ഞത്. 'നിങ്ങൾ ഇനിയും രണ്ടു മൂന്ന് പ്രാവശ്യം വന്ന് കാണൂ' എന്നാണപ്പോൾ ഫഹദ് പറഞ്ഞത്. 'വീട്ടിൽ ചെന്ന് കുരിശുവരച്ച് ഉറങ്ങണം' എന്ന് അപ്പോൾ പ്രേക്ഷകർക്കിടയിൽ നിന്നും വന്നൊരു കമന്‍റ് എല്ലാവരിലും ചിരി പടർത്തി. സിനിമയെ വൻ വിജയമാക്കിയ എല്ലാവർക്കും ബോഗയ്‌ന്‍വില്ല ടീമിന്‍റെ പേരിൽ നന്ദി അറിയിക്കുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു.
അമൽ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിങും അതിദൂരൂഹവും ഏവരേയും പിടിച്ചിരുത്തുന്നതുമായ ലാജോ ജോസിന്‍റെ കഥപറച്ചിൽ മിടുക്കും ഒപ്പം ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ സമാനതകളില്ലാത്ത പ്രകടനമികവുമാണ് ബോഗയ്‌ന്‍വില്ലയുടെ പ്രത്യേകതയെന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം.
ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവ് ജ്യോതിർമയി ഗംഭീരമാക്കിയിട്ടുണ്ട്. അതോടൊപ്പം ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങളും സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ എഡിറ്റിംഗുമെല്ലാം സിനിമയോട് ചേർന്ന് നീങ്ങുന്നതാണെന്നും പ്രേക്ഷകർ പറയുന്നു.
വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനത്തിൽ മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. വീക്കെൻഡിൽ ബുക്ക് മൈ ഷോയിൽ ഇതിനകം തന്നെ തിയറ്റർ സ്ക്രീനുകള്‍ ചുവന്നുകഴിഞ്ഞു. അമൽ നീരദിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ഏവരുടേയും അഭിപ്രായം. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക