ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ നടിമാരിലൊരാളാണ് ആലിയ ഭട്ട്. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആലിയയുടെ നായികയായുള്ള ചുവടുവയ്പ്പ്. പിന്നീടിങ്ങോട്ട് ആലിയയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നായികയായി അരങ്ങേറിയതിന് ശേഷം ആലിയ ഭട്ടിനോളം ട്രോളുകള്‍ ഏറ്റുവാങ്ങിയ ഒരു നടി ബോളിവുഡിൽ ഉണ്ടോയെന്ന് സംശയമാണ്. പൊതുവിഞ്ജാനത്തിന്റെ പേരിലും കുട്ടിത്തം മാറാത്ത പെരുമാറ്റം കൊണ്ടുമെല്ലാം പലപ്പോഴും ആലിയ മറ്റുള്ളവരുടെ പരിഹാസത്തിനിരയായി.
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടനുബന്ധിച്ച് ആലിയ നടത്തിയ പരാമർശവും ഏറെ വിവാദമായി മാറി. സിനിമയ്ക്ക് പുറത്ത് ആലിയ ഇങ്ങനെയൊക്കെയാണെങ്കിലും താരത്തിന്റെ അഭിനയത്തിന് പകരം വയ്ക്കാൻ മറ്റൊരു നടിയില്ലെന്ന് തന്നെ പറയേണ്ടി വരും. പെർഫോമൻസു കൊണ്ട് സിനിമാ പ്രേക്ഷകരെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട് അവർ.
ഇന്നിപ്പോൾ നായികയായി ആലിയ അരങ്ങേറ്റം കുറിച്ചിട്ട് 12 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ 12 വർഷത്തിനുള്ളിൽ 17 ഓളം സിനിമകളിൽ ആലിയ നായികയായെത്തി. ബ്ലോക്ക്ബസ്റ്റർ മുതൽ സൂപ്പർ ഹിറ്റുകൾ വരെയുണ്ട് ആലിയയുടെ കരിയറിൽ. ബോളിവുഡും തെന്നിന്ത്യയും കടന്ന് ഹോളിവുഡിലും തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണിപ്പോൾ ആലിയ. താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ.
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി'. ആലിയയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണിത്. മുംബൈയിലെ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായ് ആയാണ് ആലിയ ചിത്രത്തിലെത്തിയത്. മികച്ച അഭിനയപ്രകടനത്തിലൂടെ ആലിയ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു.
മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു റാസി. സ്പൈ ത്രില്ലറായാണ് റാസി പ്രേക്ഷകരിലേക്കെത്തിയത്. വിക്കി കൗശൽ ആണ് ചിത്രത്തിൽ നായകനായെത്തിയത്. നൂറ് കോടിയിലധികം ചിത്രം തിയറ്ററുകളിൽ കളക്ഷൻ നേടുകയും ചെയ്തു. ചിത്രത്തിലെ ആലിയയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. രാജ്യത്തിന് വേണ്ടി കുടുംബവും പ്രണയവുമെല്ലാം സമർപ്പിക്കപ്പെട്ടവരേക്കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്.
സോയ അക്തർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗല്ലി ബോയ്. രൺവീർ സിങ്, സിദ്ധാന്ത് ചതുർവേദി, വിജയ് വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 2019 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ എട്ടാമത്തെ ഹിന്ദി ചിത്രമായിരുന്നു ഇത്.
അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത ചിത്രം 2014 ലായിരുന്നു പുറത്തിറങ്ങിയത്. ചേതൻ ഭഗത്തിൻ്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആലിയയ്ക്കൊപ്പം അർജുൻ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത 2022 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആർആർആർ. ജൂനിയർ എൻടിആർ, റാം ചരൺ എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിലാണ് ആലിയ ചിത്രത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആർആർആർ. സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ അവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ