ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗോട്ട്. വ്യാഴാഴ്ച ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമായാണ് വെങ്കട് പ്രഭു ഗോട്ട് ഒരുക്കിയിരിക്കുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.
400 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരങ്ങളും മറ്റ് അണിയറപ്രവർത്തകരും കൈപ്പറ്റിയ പ്രതിഫലം എത്രയെന്ന് നോക്കിയാലോ.
അച്ഛനായും മകനായുമാണ് വിജയ് ചിത്രത്തിലെത്തുക. വിജയ്‌യുടെ മകന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ഡീഏജിങ് സാങ്കേതിക വിദ്യയിലൂടെയാണ്. ഗാന്ധി, ജീവൻ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ താരമെത്തുക. 200 കോടി രൂപയാണ് ചിത്രത്തിൻ്റെ ഭാഗമാകാൻ താരം കൈപ്പറ്റിയതെന്ന് നിർമ്മാതാക്കൾ മുൻപ് പറഞ്ഞിരുന്നു.
മലയാളികളുടെയും തമിഴ് സിനിമാ പ്രേക്ഷകരുടെയും മനം കവർന്ന നടിയാണ് സ്നേഹ. മലയാളത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് സ്നേഹ ഏറ്റവുമൊടുവിലെത്തിയത്. ഗോട്ടിൽ ഒരു പ്രധാന കഥാപാത്രമായാണ് സ്നേഹ എത്തുന്നത്. 30 ലക്ഷം രൂപയാണ് താരം ചിത്രത്തിനായി കൈപ്പറ്റിയത്.
ഗോട്ടിലെ മറ്റൊരു നിർണായക കഥാപാത്രമായാണ് പ്രഭുദേവയെത്തുന്നത്. ഗാന്ധിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് താരത്തെ ചിത്രത്തിൽ കാണാനാവുക. റിപ്പോർട്ടുകൾ പ്രകാരം പ്രഭുദേവ രണ്ട് കോടി രൂപയാണ് സഹ കഥാപാത്രത്തെ അവതരിപ്പിക്കാൻ വാങ്ങിയത്.
1990 കളിലും 2000 ത്തിലും തമിഴ് സിനിമ മേഖലയിലെ മുൻനിര നായകൻമാരിലൊരാളായിരുന്നു പ്രശാന്ത്. ഇടയ്ക്ക് താരം സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു. അന്ധഗൻ ആണ് പ്രശാന്തിന്റേതായി ഒടുവിലെത്തിയ ചിത്രം. എന്നാൽ തിയറ്ററുകളിൽ ചിത്രം പരാജയമായി മാറി. ഗോട്ട് പ്രശാന്തിന്റെ കരിയറിൽ ഒരു വഴിത്തിരിവാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ചിത്രത്താനിയി 75 ലക്ഷം രൂപ താരം കൈപ്പറ്റിയതായാണ് റിപ്പോർട്ട്.
മലയാളത്തിനേക്കാളുപരി പൊതുവേ മറ്റു ഭാഷകളിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗോട്ടിലെ താരത്തിന്റെ കഥാപാത്രവും പ്രേക്ഷകരേറ്റെടുക്കുമെന്നാണ് പ്രതീക്ഷ. 50 ലക്ഷം രൂപയാണ് ചിത്രത്തിലെ ജയറാമിന്റെ പ്രതിഫലമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രണയകാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് അജ്‌മൽ അമീർ. നായകനായും വില്ലനായുമെല്ലാം അജ്മൽ സിനിമയിൽ തിളങ്ങി. ഗോട്ടിനായി 50 ലക്ഷം രൂപയാണ് അജ്മലിന് പ്രതിഫലം നൽകിയത്.
മാനാട്, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായാണ് വെങ്കട് പ്രഭു.10 കോടി രൂപയാണ് ചിത്രത്തിനായി വെങ്കട് പ്രഭു കൈപ്പറ്റിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിനോടകം തന്നെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട് യുവൻ. ഗോട്ടിലെ ഗാനങ്ങൾക്ക് പിന്നിലും യുവന്റെ കൈകളാണ്. മൂന്ന് കോടി രൂപ ചിത്രത്തിനായി താരം കൈപ്പറ്റിയതാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ