'ഒരു നേരത്തെ മരുന്നു വാങ്ങാൻ സഹായിക്കണം'; സ്വന്തം വീട് വിറ്റ് കാൻസർ രോഗിക്ക് വീട് വച്ചുകൊടുത്ത് സാജു നവോദയ
കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ നടനാണ് സാജു നവോദയ. നിരവധി സിനിമകളില്‍ താരം ഹാസ്യ കഥാപാത്രത്തെ ചെയ്ത് ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണ്. തന്റെ സ്വന്തം വീട് വിറ്റ് കാൻസർ രോഗിയായ ഒരാൾക്ക് വീട് വച്ചു നൽകിയിരിക്കുകയാണ് താരം.
15 വർഷം വാടകയ്ക്ക് താമസിച്ചതിനു ശേഷമാണ് താരം ഒരു വീടു വെക്കുന്നത്. ആ വീട് വിറ്റ് പത്ത് ലക്ഷത്തിന് മേലെ മുടക്കിയാണ് താരം മറ്റൊരാൾക്ക് കിടപ്പാടം നിർമിച്ചു നൽകിയത്. ഒരു നേരത്തെ മരുന്നു വാങ്ങാൻ സഹായിക്കണം എന്ന് പറഞ്ഞാണ് കാൻസർ രോഗ ബാധിതനായ മരട് സ്വദേശി സാജുവിനെ വിളിക്കുന്നത്. വിവരം അറിയാനായി ആ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയിൽ നെഞ്ച് തകർന്നാണ് സാജുവും ഭാര്യയും വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഒരു നേരത്തെ മരുന്ന് വാങ്ങിത്തരണമെന്ന് പറഞ്ഞതുകേട്ട് ഞാനും ഭാര്യയും കൂടി പുള്ളിയെ കാണാൻ അവരുടെ വീട്ടിൽ പോയതാണ്. ആ മനുഷ്യന്റെ വീട് കണ്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. ഫ്ലക്സ് മേൽക്കൂരയാക്കിയ വീട്ടിൽ ഫ്ലക്സ് വിരിച്ചാണ് രോഗി കിടക്കുന്നത്. ഞങ്ങൾ കട്ടിൽ വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ കട്ടിൽ വാങ്ങാൻ പോകുമ്പോൾ ഭാര്യ പറഞ്ഞു നമുക്കൊരു കുഞ്ഞ് വീട് വച്ച് കൊടുക്കാമെന്ന്. കാരണം പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺ മക്കളാണ് ആ വീട്ടിൽ ഉള്ളത്. പുലർച്ചെ നാല് മണിക്കോ മൂന്ന് മണിക്കോ എഴുന്നേറ്റ് പറമ്പിൽ പോകും അവര്‍. ബാത്റൂമിൽ പോകാനാണ്. വൈകുന്നേരം അർദ്ധ രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷവും. അതറിഞ്ഞപ്പോൾ ഭാര്യയ്ക്ക് വിഷമമായി. അങ്ങനെയാണ് വീട് വച്ചുകൊടുക്കാം എന്ന് തീരുമാനിക്കുന്നത്.
ഒടുവിൽ നാട്ടുകാരൊക്കെ വന്ന് വലിയ വീട് വച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞു. കല്ലിടലിന്റെ അന്ന് ആളുകളൊക്കെ വന്നു. പക്ഷേ പിന്നീട് ആരും വന്നില്ല. ഒടുവില്‍ ഞാൻ തന്നെ നിന്ന് വീട് പണിതു. രണ്ട് മുറികളും, അറ്റാച്ഡ് ബാത്തറൂം, കിച്ചൺ തുടങ്ങി എല്ലാ സൗകര്യവും ഉള്ള നല്ലൊരു വീട് അവർക്ക് വച്ച് കൊടുത്തു. ആ കുഞ്ഞുങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്.'- സാജു നവോദയ പറഞ്ഞു.
ഇപ്പോൾ താൻ വാടക വീട്ടിലാണ് താമസിക്കുന്നത് എന്നാണ് താരം പറയുന്നത്. അടുത്തൊരു സ്ഥലം വാങ്ങി വീട് വച്ചിട്ട് ആരോരും ഇല്ലാത്ത അമ്മമാരെ തങ്ങൾക്കൊപ്പം താമസിപ്പിക്കുക എന്നതാണ് ഭാര്യയുടെ ഇപ്പോഴത്തെ പദ്ധതിയെന്നും താരം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക